print edition കാലടിയിലെ സമരവിജയം മുക്കി മാധ്യമങ്ങൾ

തിരുവനന്തപുരം: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ അത്യുജ്വല സഹന സമരം ഹൈക്കോടതിയുടെ അനുകൂല വിധിയോടെ ഐതിഹാസിക വിജയം നേടിയ വാർത്ത അപ്രസക്തമാക്കി മാധ്യമങ്ങൾ. സംഘപരിവാർ നോമിനിയായ വിസി സിസ തോമസിനും യുഡിഎഫ് സർക്കാരിനും ഒരുപോലെ തിരിച്ചടിയായ വാർത്തയാണ് പല മുഖ്യധാരാ പത്രങ്ങൾക്കും പ്രാധാന്യമില്ലാതായത്.
മുഖ്യവാർത്തയാക്കാൻ ഭൂരിപക്ഷം പത്രങ്ങളും തയ്യാറായില്ല. പലർക്കും ഒന്നാം പേജിൽ ഒരുകോളം വാർത്ത മാത്രമാണ് വിദ്യാർഥികളുടെ വിജയം. മാപ്പ് എഴുതി നൽകാനുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് തള്ളിയാണ് വിദ്യാർഥികൾ നിരാഹാര സമരം തുടർന്നത്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമരംചെയ്‌ത 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത വിസിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം ഉണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. പിൻമാറാതെ സമരരംഗത്ത് നിലയുറപ്പിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്‌താണ് വിദ്യാർഥികൾ വിജയിച്ചത്. ഇത് തമസ്‌കരിക്കാനുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ നടപടി അപക്വമാണെന്ന് സമൂഹമാധ്യമത്തിലും വിമർശം ശക്തമായി. മാധ്യമങ്ങളുടെ നിലപാടിനെ ലക്ഷ്യമിട്ട് ട്രോളുകളും വ്യാപകമായി പ്രചരിച്ചു.








0 comments