ഉഡുപ്പി–കരിന്തളം പ്രസരണ ലൈൻ 27 മുതൽ പരീക്ഷണ ചാർജിങ്
സാക്ഷാൽക്കരിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ സ്വപ് ന പദ്ധതി

സുരേഷ് മടിക്കൈ
Published on Nov 25, 2026, 01:30 AM | 2 min read
കരിന്തളം
ഇടതുപക്ഷ ഭരണകാലത്ത് നിർമാണമാരംഭിച്ച കേരളത്തിന്റെ വടക്കൻ ജില്ലകളിലെ ദീർഘകാല വൈദ്യുതി പ്രസരണ പരിമിതികൾക്ക് പരിഹാരമാകുന്ന 400 കെ വി ഉഡുപ്പി–കരിന്തളം ഇരട്ട സർക്യൂട്ട് അന്തർസംസ്ഥാന പ്രസരണ ലൈൻ നിർമാണം പൂർത്തിയാക്കി പരീക്ഷണ ചാർജിങ്ങിന് സജ്ജമായി. എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വലിയ പ്രതിസന്ധികളെ മറികടന്നാണ് പദ്ധതി യാഥാർഥ്യമാകുന്നത്. കർണാടകയിലെ ഉഡുപ്പി പവർ ഹൗസിൽനിന്നും കാസർകോട് ജില്ലയിലെ കരിന്തളത്തേക്ക് 115 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിച്ച ഈ ലൈൻ 27 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചാർജ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ പ്രസരണ പ്രതിസന്ധി നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെയും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിലെയും വൈദ്യുതി ആവശ്യകത പ്രധാനമായും അരീക്കോട്–കാഞ്ഞിരോട്–മൈലാട്ടി 220 കെ വി ഇരട്ട സർക്യൂട്ട് ലൈനും, കക്കയം–മുണ്ടയാട് 110 കെ വി ഇരട്ട സർക്യൂട്ട് ലൈനും വഴിയാണ് നിറവേറ്റുന്നത്. ഏകദേശം 900 മെഗാവാട്ട് വേണ്ടിടത്ത് 600 മെഗാവാട്ട് മാത്രമേ കൈമാറാൻ കഴിയുന്നുള്ളൂ. കാസർകോട് ജില്ലയുടെ ആവശ്യകതയുടെ ഒരു ഭാഗം കർണാടകയിൽനിന്നുള്ള അതിർത്തി മേഖലയിലെ ദുർബലമായ 110 കെ വി പ്രസരണ ലൈനിലൂടെയാണ്. കർണാടകയിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ തടസ്സമുണ്ടാകുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യവും നിലവിലുണ്ട്. നിർണായക മുന്നേറ്റം പുതിയ 400 കെ വി ഉഡുപ്പി– കരിന്തളം പ്രസരണ ലൈൻ പ്രവർത്തനസജ്ജമാകുന്നതോടെ കർണാടകയിലെ ദേശീയ ഗ്രിഡിൽനിന്നും വടക്കൻ കേരളത്തിലേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാൻ സാധിക്കും. ഇതുവഴി ഉത്തര മലബാറിന്റെ വൈദ്യുതി കൈമാറ്റശേഷി വർധിക്കുകയും പ്രതിസന്ധിയ്ക്ക് പരിഹാരമാവുകയുംചെയ്യും. പദ്ധതി ഏറ്റെടുത്ത ഉഡുപ്പി കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡാണ് 400 കെ വി പ്രസരണ ലൈനിന്റെയും കരിന്തളത്തെ 400 കെവി ജിഐഎസ് സബ്സ്റ്റേഷന്റെയും നിർമാണം പൂർത്തിയാക്കിയത്. 500 മെഗാവാട്ടിന്റെ രണ്ട് 400 / 220 കെ വി ട്രാൻസ്ഫോർമറുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അനുബന്ധ പ്രസരണ ശൃംഖലയും സജ്ജം പുതിയ 400 കെ വി സബ്സ്റ്റേഷനിൽ നിന്നും വിവിധ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി കെഎസ്ഇബിഎൽ നിർമിച്ച 220 കെ വി ലൈൻ ഇൻ ലൈൻ ഔട്ട് മൾട്ടി സർക്യൂട്ട് പ്രസരണ ലൈനിന്റെ നിർമാണവും പൂർത്തിയായി. ഇതോടെ കാസർകോട്–മൈലാട്ടി, കാസർകോട്–കാഞ്ഞിരോട്, കാസർകോട് – തളിപ്പറമ്പ്, കാസർകോട്–അമ്പലത്തറ 220 കെ വി പ്രസരണ ലൈനുകളും ചാർജിങ്ങിന് സജ്ജമായി. ഈ പ്രസരണ ശൃംഖലകൂടി പ്രവർത്തനക്ഷമമാകുന്നതോടെ ഉത്തര മലബാറിലെ വിവിധ ഭാഗങ്ങളിലേക്ക് അധിക വൈദ്യുതി കൈമാറുന്നതിനുള്ള സൗകര്യം മെച്ചപ്പെടും. ഇതോടെ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റംവരെ നീളുന്ന ശക്തമായ 400 കെവി പ്രസരണ ഹൈവേയും രൂപപ്പെടും.







0 comments