Deshabhimani

കെഎഎസിനെതിരായ നീക്കം ആസൂത്രിതം

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 25, 2026, 01:30 AM | 2 min read

ഭരണനിർവഹണം കാര്യക്ഷമമാക്കാൻ കേരളം രൂപീകരിച്ച തനതായ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിനെ (കെഎഎസ്‌) തകർക്കാൻ കോപ്പുകൂട്ടുകയാണ്‌ യുഡിഎഫ്‌ സർക്കാർ. സ്പെഷ്യൽ റൂൾസ് ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം അതിന്റെ ഭാഗമായാണ്‌. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരിയിൽ അവസാനിക്കുകയാണെന്ന പേരിലാണ്‌ ചട്ടഭേദഗതിക്ക് തിരക്കിട്ട നീക്കമെങ്കിലും കെഎഎസ്‌ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഇതുവരെയുള്ള നടപടികളിൽനിന്ന്‌ വ്യക്തമാണ്‌.


ഫീൽഡ് തലത്തിലുള്ള മാനേജ്മെന്റ് ചുമതലകളിലേക്കുമാത്രമായി കെഎഎസ് ഉദ്യോഗസ്ഥരെ പരിമിതപ്പെടുത്തുന്നത് ഈ സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾതന്നെ അട്ടിമറിക്കും. നിർവചിക്കപ്പെട്ട സേവന–വേതന വ്യവസ്ഥകൾ ഇല്ലാതാക്കി സർവീസിനെ അനാകർഷകമാക്കുന്നതിനും കഴിഞ്ഞദിവസം പുറത്തുവിട്ട കരടുചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു. കെഎഎസിനായി നീക്കിവച്ചിരിക്കുന്ന വകുപ്പുകളിലെ 10 ശതമാനം തസ്തിക എന്ന വ്യവസ്ഥ ഒഴിവാക്കി ഉദ്യോഗസ്ഥരെ എവിടെയൊക്കെ നിയമിക്കണമെന്ന് അതത്‌ കാലത്ത്‌ തീരുമാനിക്കുന്നത്‌ യോഗ്യരായവരുടെ സ്ഥാനക്കയറ്റം നിഷേധിക്കുന്നതിന് ഇടയാക്കും. നിർവചിക്കപ്പെട്ടിരുന്ന സേവന–വേതന വ്യവസ്ഥകൾ ഇല്ലാതാക്കി അനാകർഷകമാക്കുന്നതിനും കരടുചട്ടത്തിൽ വ്യവസ്ഥയുണ്ട്.


​നിയമനത്തിലും സ്ഥാനക്കയറ്റ രീതികളിലും മാറ്റംവരുത്തി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ പിഎസ്‍സിയുമായി കൂടിയാലോചിക്കേണ്ടതുണ്ടെങ്കിലും അടിയന്തര നിയമനങ്ങളുടെ പേരുപറഞ്ഞ് സ്വാഭാവിക നടപടിക്രമങ്ങളൊന്നും പാലിക്കുന്നില്ല. എന്നാൽ, 2018 ജനുവരി ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ ചട്ടം ഭേദഗതി ചെയ്യുന്നതിനാൽ ഇത്‌ നിലവിലെ ജീവനക്കാരെയും റാങ്ക് പട്ടികയിലുള്ളവരെയും ബാധിക്കും. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും ശമ്പളസുരക്ഷയും നിയമന അവസരങ്ങളും ഇല്ലാതാകും. കെഎഎസ് ഒഴിവുകൾ കണ്ടെത്താൻ ഒക്ടോബറിൽ രൂപീകരിച്ച പഞ്ചവത്സര റിവ്യൂ കമ്മിറ്റിയെയും ഒഴിവാക്കിയിട്ടുണ്ട്‌.


സംസ്ഥാന രൂപീകരണംമുതൽ ഭരണപരിഷ്‌കാര കമീഷനുകൾ മുന്നോട്ടുവച്ച നിർദേശമായിരുന്നു കേരളത്തിന്റെ സ്വന്തം അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്‌. 2018 ജനുവരി ഒന്നിന്‌ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. 2019 നവംബർ ഒന്നിന്‌ ആദ്യബാച്ചിലേക്ക്‌ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർനടപടികൾ കോവിഡ്‌ കാരണം വൈകിയെങ്കിലും 2022 ഫെബ്രുവരി 22-ന് 104 പേരെ നിയമിച്ചു. 18 മാസത്തെ പരിശീലനത്തിനുശേഷം ആദ്യബാച്ച് ഉദ്യോഗസ്ഥർ 2023 ജൂലൈ ഒന്നിന്‌ വകുപ്പുകളിൽ ചുമതലയേറ്റു. രണ്ടാമത്തെ വിജ്ഞാപനം 2025 മാർച്ച് ഏഴി-ന് പ്രസിദ്ധീകരിക്കുകയും 2026 ജനുവരി 30-ന് റാങ്ക് ലിസ്റ്റ് നിലവിൽവരികയും ചെയ്തു.


ഭരണതലത്തിലെ മധ്യ–ഉന്നത തസ്തികകളിൽ പ്രൊഫഷണൽ മികവുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുകയും നയതീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുക, സർക്കാർ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുക, ആധുനിക ഭരണരീതികളും സാങ്കേതികപരിജ്ഞാനവും പ്രയോജനപ്പെടുത്തുന്ന പുതിയ തലമുറ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയ്ക്കുസമാനമായി അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഉള്ളടക്കം പരിഗണിച്ചുള്ള സിലബസും ഉദ്യോഗാർഥികളുടെ വ്യക്തിഗുണവും വിഷയ അവഗാഹവും സമഗ്രമായി പരിശോധിക്കുംവിധം കുറ്റമറ്റ അഭിമുഖവും ഉൾപ്പെടെ നടത്തിയാണ് കെഎഎസിലേക്ക് നിയമനം നടത്തിയിട്ടുള്ളത്. നിലവിൽ കെഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെക്കുറിച്ച് പരാതികളോ ആക്ഷേപങ്ങളോ ഉയർന്നിട്ടില്ല. നവകേരളം കർമപദ്ധതിമുതൽ അതിദാരിദ്ര്യമുക്ത കേരളംവരെയുള്ള എൽഡിഎഫ് സർക്കാരിന്റെ എല്ലാ പദ്ധതികളിലും കെഎഎസ് ഉദ്യോഗസ്ഥരുടെ സജീവസാന്നിധ്യമുണ്ടായിരുന്നു.


​അതേസമയം, ഭരണത്തിൽ അനാവശ്യ സങ്കീർണതകൾ സൃഷ്ടിച്ച്‌ കൃത്രിമപ്രതിസന്ധികൾക്കും അതുവഴി ക്രമക്കേടുകൾക്കും വഴിയൊരുക്കാൻ കാത്തിരിക്കുന്നവർക്ക്‌ കെഎഎസിനോട്‌ എതിർപ്പായിരുന്നു. അവർ മാധ്യമങ്ങൾവഴിയും അല്ലാതെയും കെഎഎസിനെതിരെ പല കുത്തിത്തിരിപ്പുകളും നടത്തി. യുഡിഎഫ്‌ അധികാരത്തിൽ വന്നതോടെ കെഎഎസിനെ തകർക്കാനുള്ള നീക്കം സജീവമായി. അതിനുള്ള കുറുക്കുവഴിയാണ്‌ ചട്ടഭേദഗതി. അതിന്‌ നേതൃത്വം നൽകുന്നത്‌ പൊതുഭരണവകുപ്പിലെ മുഖ്യമന്ത്രിയുടെ വിശ്വസ്‌തനാണ്‌. 10 വർഷമായി കേരളം കൈവരിച്ച നേട്ടങ്ങളെ തകർത്തേ അടങ്ങൂ എന്ന യുഡിഎഫിന്റെ താൽപ്പര്യങ്ങൾ നടപ്പാക്കുന്നത്‌ ഇ‍ൗ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്‌. യുഡിഎഫ്‌ ഭരണത്തിൽ പൊതുവെ സംസ്ഥാന സിവിൽ സർവീസ്‌ അരക്ഷിതാവസ്ഥയിലാണ്‌. ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യമില്ലാതായി. മാനദണ്ഡങ്ങളും മാനുഷികതയും കാറ്റിൽപ്പറത്തി ജീവനക്കാരെ തലങ്ങും വിലങ്ങും ഓടിക്കുകയാണ്‌. അതിനെതിരായ വലിയ മുന്നേറ്റമായിരുന്നു കഴിഞ്ഞദിവസം അധ്യാപകരും ജീവനക്കാരും സെക്രട്ടറിയറ്റിനുമുന്നിൽ തീർത്തത്‌. ഇത്‌ സർക്കാർ കണ്ണുതുറന്ന്‌ കാണണം. ഒപ്പം കെഎഎസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽനിന്ന്‌ പിൻവാങ്ങണം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home