പറപറക്കും, തൃശൂരിന്റെ വരപ്പൊക്കം

സി എ പ്രേമചന്ദ്രൻ
Published on Nov 25, 2026, 01:03 AM | 1 min read
തൃശൂർ
ഇറ്റലിയിൽനിന്നെത്തിയ ബ്രൂണോയും ഭാര്യ മോണിക്കയും ഉൾപ്പെടെ അർബൻ സ്‌കെച്ചേഴ്‌സ് തൃശൂരിന്റെ നേർച്ചിത്രം പകർത്തുകയാണ്. സിംഗപ്പൂരിൽനിന്നുള്ള ടിയ– ലീ ദന്പതികളും കേരള ചാരുത പകർത്തി. ഇവരുടെ കൊച്ചു ക്യാൻവാസുകളിലെ വർണക്കൂട്ടുകളിൽ തെക്കേഗോപുര നടയും പുത്തൻപള്ളിയുമെല്ലാം നിമിഷങ്ങൾക്കകം തലയുയർത്തി. തൃശൂരിന്റെ സ്‌പെഷൽ വെള്ളേപ്പം അങ്ങാടിയുടെ രുചിക്കൂട്ടൊരുക്കവും പെൻ ഹോസ്‌പിറ്റലിലെ ചികിത്സയും വരച്ചെടുത്തപ്പോൾ മോണിക്ക പറഞ്ഞു. ‘ഇറ്റ്‌സ് നൈസ്’. തൃശൂരിന്റെ തലപ്പൊക്കങ്ങളായ ചിത്രങ്ങൾ ഇനി കടൽകടന്ന് പറപറക്കും. നഗരജീവിതങ്ങളെ പകർത്തുന്ന അർബൻ സ്‌കെച്ചേഴ്‌സ് കൂട്ടായ്‌മയുടെ ഏഷ്യാലിങ്ക് സ്കെച്ച് വാക്ക് 19മുതൽ 22വരെ പുണെയിലായിരുന്നു. 600 പേർ അതിൽ പങ്കാളികളായി. അതിൽനിന്ന് വിദേശീയരും തദ്ദേശീയരുമായ 25പേരാണ് കേരളത്തിലേക്കെത്തിയത്. ചൊവ്വ രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ അവർ ഒത്തുചേർന്നു. തെക്കേഗോപുരനടയാണ് ആദ്യം പകർത്തിയത്. തുടർന്ന് പുത്തൻപള്ളി, വെള്ളേപ്പം അങ്ങാടി (എരിഞ്ഞേരി അങ്ങാടി), പെൻ ഹോസ്‌പിറ്റൽ, സാഹിത്യ അക്കാദമി എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തിയശേഷം ശക്തൻ തന്പുരാൻ പാലസും വരച്ചെടുത്തു. 25 കൈകളാൽ 25 ദൃശ്യങ്ങളാണ് രൂപപ്പെട്ടത്. ബുധൻ ഗുരുവായൂരിലെ ആനക്കോട്ടയും ചുവർച്ചിത്ര മ്യൂസിയവും പകർത്തും. തുടർന്ന് കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം നഗരക്കാഴ്‌ചകളും പകർത്തുമെന്ന് തൃശൂർ അർബൻ സ്‌കെച്ചേഴ്‌സ് സ്ഥാപകൻ രവി ബാലകൃഷ്‌ണൻ പറഞ്ഞു. അഞ്ചുദിവസമാണ് കേരള സർക്യൂട്ട്. 2022ലാണ് തൃശൂർ അർബൻ സ്‌കെച്ചേഴ്‌സിന് തുടക്കമിട്ടത്. മുന്നൂറോളം കലാകാരന്മാർ കൂട്ടായ്‌മയിലുണ്ട്. രണ്ടാഴ്‌ചയിൽ ഒരിക്കൽ കലാകാരർ നഗരത്തിൽ ഒത്തുകൂടി വിവിധ ദൃശ്യങ്ങൾ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.








0 comments