കായൽത്തീരത്തെ ജെട്ടികൾ നശിക്കുന്നു

ആറാട്ടുപുഴ ജെട്ടിയിലേക്കുള്ള വഴിയിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു
ബിമൽറോയ്
Published on Nov 25, 2026, 01:00 AM | 1 min read
ഹരിപ്പാട്
ജലഗതാഗതത്തിൽ നിർണായക പ്രാധാന്യമുണ്ടായിരുന്ന കായംകുളം കായലിലെയും പല്ലനയാറ്റിലെയും ബോട്ട് ജെട്ടികൾ സംരക്ഷണം ഇല്ലാതെ നശിക്കുന്നു. കാൽനൂറ്റാണ്ടുമുമ്പുവരെ തീരദേശത്തെ ഗതാഗതത്തിലും ചരക്കുനീക്കത്തിലും നിർണായക പങ്കുണ്ടായിരുന്ന ജലഗതാഗതവകുപ്പിന്റെ കൊല്ലം, ആലപ്പുഴ ബോട്ട് സർവീസ് നിലച്ചതോടെയാണ് ബോട്ട്ജെട്ടികൾ സംരക്ഷണമില്ലാതെ നശിക്കാൻ തുടങ്ങിയത്. കായലോരത്തെ ജെട്ടികളുടെ ഉടമസ്ഥത ഇറിഗേഷൻവകുപ്പിനായിരുന്നു. ആളുകൾ ജലഗതാഗതത്തെ ആശ്രയിക്കുന്നത് കുറഞ്ഞതാണ് ബോട്ട്ജെട്ടികളുടെ തകർച്ചയ്‌ക്കിടയാക്കിയത്. പല്ലന കലവറ, തൃക്കുന്നപ്പുഴ, മംഗലം, ആറാട്ടുപുഴ ജെട്ടികളെ ഒരു കാലത്ത് നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്നു. ജീർണാവസ്ഥയിലുള്ള കോൺക്രീറ്റ് തൂണുകൾ മാത്രമാണിവിടെ അവശേഷിക്കുന്നത്. ആറാട്ടുപുഴ ജെട്ടി, മംഗലം ജെട്ടി എന്നിവിടങ്ങളിലേക്കുള്ള വഴികൾപോലും സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ജലവിഭവവകുപ്പും പഞ്ചായത്തുകളും ഈ ജെട്ടികൾ സംരക്ഷിക്കാൻ താൽപ്പര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഹാകവി കുമാരനാശാൻ സ്‌മാരകം, കായംകുളം താപനിലയത്തിലെ സോളാർ പാനലുകൾ, കൊച്ചീടെ ജെട്ടി പാലം, കൂട്ടുംവാതിൽക്കൽക്കടവ് പാലം, കായംകുളം പൊഴിമുഖം, കടലിന് കുറുകെയുള്ള മനോഹര ദൃശ്യവിരുന്നൊരുക്കുന്ന വലിയഴീക്കൽ പാലമടക്കം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്‌ചകൾ കായലോരത്തുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കാൻ കഴിയുംവിധം കായലോരത്തെ ബോട്ടുജെട്ടികൾ പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments