print edition ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് 'ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക്'


സ്വന്തം ലേഖകൻ
Published on Nov 25, 2026, 01:01 AM | 1 min read
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ 10 വർഷത്തിനിടെ ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ ദുർബലപ്പെട്ടുവെന്ന് അന്താരാഷ്‌ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ്. വോട്ടർപ്പട്ടിക ശുദ്ധീകരിക്കാനെന്നപേരിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന എസ്‌ഐആർ നടപടി ഏകപക്ഷീയവും സുതാര്യതയില്ലാത്തതുമാണ്. ഇതിലൂടെ സ്‌ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടവകാശം ഇല്ലാതാക്കി. പാർലമെന്റിൽ പ്രതിപക്ഷത്തെ അടിച്ചമർത്തുക, അന്വേഷണ ഏജൻസികളെ ആയുധവൽക്കരിക്കുക, ഭരണഘടനാസ്ഥാപനങ്ങളെയും കോടതിയേയും ദുർബലപ്പെടുത്തുക, ജുഡീഷ്യറിയിലെ ഇടപെടൽ എന്നീ നാലുമേഖല പരിശോധിച്ചാണ് 95 പേജ് റിപ്പോർട്ട്.
എസ്‌ഐആറിൽ കമീഷന്റെ വിശ്വാസ്യത ഇടിഞ്ഞു. പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌താണ് പുതിയ നിയമം പാസാക്കിയത്. 90 ലക്ഷംപേരെ വോട്ടർപ്പട്ടികയിൽനിന്ന് പുറത്താക്കിയാണ് ബംഗാളിൽ ബിജെപി അധികാരം പിടിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ചവർ ക്രൂരമർദ്ദനം നേരിട്ടു. പ്രതിഷേധങ്ങളെ ദേശവിരുദ്ധമാക്കി ചിത്രീകരിച്ചു. പാർലമെന്റിൽ ബില്ലുകളെ മണി ബില്ലുകളാക്കി അവതരിപ്പിച്ച് പാസാക്കുന്നു. രാജ്യസഭയെ മറികടക്കാനാണ് ഇത്. 23 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നശേഷം കേന്ദ്ര ഏജൻസികൾ അവർക്കെതിരെയെടുത്ത കേസുകൾ ഇല്ലാതായി. തെളിവുകൾ ഇല്ലാതെ ന്യൂനപക്ഷങ്ങൾക്കെതിരെ യുഎപിഎ കേസ് എടുക്കുന്നു. പ്രൊഫ. ജി എൻ സായിബാബ, സ്‌റ്റാൻസ്വാമി എന്നിവർക്കുപുറമേ ഷർജിൽ ഇമാം, ഉമർ ഖാലിദ് അടക്കമുള്ളവർ നേരിടുന്ന വേട്ടയാടലും റിപ്പോർട്ടിലുണ്ട്. എൻഐഎ ഏറ്റെടുത്ത 2006–2008 ബോംബ് സ്‌ഫോടനങ്ങളിൽ പ്രതികളായിരുന്ന 30 ഹിന്ദുക്കളിൽ 27 പേരും കുറ്റവിമുക്തരായെന്നും പരാമർശിക്കുന്നുണ്ട്.









0 comments