ad
Deshabhimani

രണ്ടുനൂറ്റാണ്ടു പിന്നിട്ട ജനകീയ കല

പുലികളിയിൽ നീണ്ട പല്ലുള്ള പുലിമുഖം ഒരുക്കി വിയ്യൂർ ദേശം യുവജന സംഘം
avatar
പ്രത്യേക ലേഖകൻ

Published on Sep 08, 2025, 12:16 AM | 1 min read

തൃശൂർ

പുലിക്കൂട്ടങ്ങൾ നഗവീഥികളിലേക്ക്‌ ആർത്തിരന്പിയെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ചെണ്ടയിലും പെരുന്പറയിലും വന്യതാളം മുറുകുന്പോൾ മനുഷ്യശരീരങ്ങളിൽ പുലി ഇളകിയുറയും. കനലെരിയും കണ്ണുമായി മടതകർത്ത് കൂട്ടത്തോടെ നഗരം കീഴടക്കാനെത്തും. നഗരമധ്യത്തെ വലിയ അരങ്ങാക്കി മാറ്റി ജനകീയ പങ്കാളിത്തത്തോടുകൂടി അവതരിപ്പിക്കുന്ന ദൃശ്യകല. “പുലിക്കൊട്ടും പനന്തേങ്ങേം’’ എന്ന വായ്ത്താരിയുടെ പ്രകമ്പനമാണ് നാട്ടുചെണ്ടകളില്‍ മുഴങ്ങുന്നത്. ചെണ്ടയിൽ പുലിവീര്യം തോറ്റിയുണർത്തൽ ഒരാഴ്ച മുന്പേ തുടങ്ങും. 200 വർഷംമുമ്പ് ഉത്തരേന്ത്യയിൽനിന്നും ഡെക്കാൻ പീഠഭൂമിയിൽ നിന്ന്‌ കച്ചവടത്തിനുവന്ന പട്ടാണികൾ തൃശൂരിൽ പുലികളി നടത്തിയതായി ‘തൃശൂർ നാട്ടറിവ്‌ പഠനകേന്ദ്രം’ ഡയറക്ടറായിരുന്ന അന്തരിച്ച ഡോ. സി ആർ രാജഗോപാലന്റെ പഠനത്തിൽ പറയുന്നു. കുതിരപ്പുറത്ത് വടിയുമായുള്ള അഭ്യാസപ്രകടനം ഇതിന്റെ ഭാഗമായിരുന്നു. ചട്ടിയങ്ങാടി മുസ്ലിം പള്ളിക്ക് സമീപം പഞ്ചയെടുക്കൽ ചടങ്ങിലൂടെയാണ്‌ ഇവര്‍ പുലികളി തൃശൂർ പട്ടണത്തിന്‌ പരിചയപ്പെടുത്തിയത്‌. ഉലക്കയിൽ വടിവച്ച് കെട്ടി അതിനുമുകളിൽ നിന്ന് പുലിവേഷങ്ങൾ നൃത്തം ചെയ്യുകയാണ് പതിവ്. മുഹറം പത്തിന് നടത്തിയിരുന്ന പഞ്ചയെടുക്കൽ സംഘർഷത്തെ തുടർന്ന് പിൽക്കാലത്ത് പൊലീസ് നിരോധിച്ചു. പക്ഷേ, പുലികളി തുടർന്നു. ആദ്യം ചെട്ടിയങ്ങാടി മുസ്ലിം പള്ളിമുതൽ കൊക്കാലെ കുളം വരെയാണ്‌ പുലികളി പോയിരുന്നത്‌. പിന്നീട് പഴയ നടക്കാവിൽ നിന്നുവന്ന ടീം നഗരം ചുറ്റി പ്രദക്ഷിണംവച്ചു. കൊച്ചി രാജാവിന്റെ കാലത്ത് തൃശൂർ പട്ടാള ക്യാമ്പിൽ വീണ്ടും പുലികളി അരങ്ങേറി. പിന്നീട് തൃശൂരിന്റെ തനത് കലാരൂപമായി വികസിച്ചു. തുടര്‍ന്നാണ് നാലോണനാളിൽ പുലിയിറക്കം തുടങ്ങിയത്‌. പ്രവാചകൻ മുഹമ്മദ് നബിയോടൊപ്പം പ്രവർത്തിച്ച അലിയുടെ മക്കൾ ഹസനും ഹുസൈനും കൊല്ലപ്പെട്ടതിന്റെ സ്മരണ പുതുക്കലായി വടക്കേ ഇന്ത്യയിൽ പുലികളി അവതരിപ്പിച്ചിരുന്നു. പുലികളിയുടെ ഉത്ഭവം ഇതാണെന്ന് പറയുന്നു. മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തിയതിന്റെ ഭാഗമായുള്ള ചില വിശ്വാസങ്ങളും പുലികളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home