Deshabhimani

പുതുക്കാട് താലൂക്ക് ആശുപത്രി

സുസ്ഥിര പാലിയേറ്റീവിന്‌ ഹൈക്കോടതിയുടെ പ്രവർത്തനാനുമതി

പുതുക്കാട് ആശുപത്രിയിലെ സുസ്ഥിര പാലിയേറ്റീവ് കേന്ദ്രം
വെബ് ഡെസ്ക്

Published on Oct 16, 2026, 12:26 AM | 1 min read

പുതുക്കാട്

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ബിജെപി– കോൺഗ്രസ്‌ പരാതിയെ തുടർന്ന്‌ അധികൃതർ പൂട്ടിച്ച സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് തുറന്നുപ്രവർത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. സെപ്റ്റംബർ 26നാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ എഇയുടെ അൺഫിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം പൂട്ടിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ബ്ലോക്ക്‌ പഞ്ചായത്തിന്‌ ക‍ീഴിലുള്ള ആശുപത്രിയിലെ പാലിയേറ്റീവ് കേന്ദ്രം ഭരണസമിതിയെ അറിയിക്കാതെ അടച്ചത്‌ ശരിയായില്ലെന്ന് ഭരണസമിതി വ്യക്തമാക്കിയിരുന്നു. പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ പി തങ്കം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബ്ലോക്ക്‌ പഞ്ചായത്തിനെയും കക്ഷി ചേർത്തിരുന്നു. സുസ്ഥിര പാലിയേറ്റീവിന് ആശുപത്രിയിൽ തന്നെ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കണമെന്ന അഭിപ്രായമാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ കോടതിയിൽ നൽകിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം പിഡബ്ല്യുഡി ബിൽഡിങ്‌സ്‌ വിഭാഗത്തിന് ആണെന്നിരിക്കെ ബ്ലോക്ക്‌ എഇ ക്ക് അൺഫിറ്റ് സർട്ടിഫിക്കറ്റ്‌ നൽകാൻ അധികാരമില്ലെന്ന്‌ ഹൈക്കോടതി വിലയിരുത്തി. അതിനാൽ സെപ്റ്റംബർ 25ന് പാലിയേറ്റീവ് കേന്ദ്രം പൂട്ടാൻ ആശുപത്രി സൂപ്രണ്ട് നൽകിയ കത്ത് നിലനിൽക്കില്ലെന്നും പാലിയേറ്റിവ് കേന്ദ്രത്തിന് പ്രവർത്തിക്കാൻ അനുമതി നൽകുന്നതായും ജസ്റ്റിസ്‌ എം എ അബ്ദുൽ ഹക്കീം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ കേന്ദ്രം തുറന്നുപ്രവർത്തിക്കുമെന്ന് സുസ്ഥിര പാലിയേറ്റീവ് കെയർ പ്രസിഡന്റ്‌ പി തങ്കം അറിയിച്ചു. പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി അഭിഭാഷകരായ വി ആർ കൃഷ്ണകുമാർ, പി ആർ റീന എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home