പ്രസിഡന്റിന്റെ കോലം കത്തിക്കാൻ ശ്രമം

മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ തൃശൂർ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ കോലവുമായി നടത്തിയ സമരം
തൃശൂർ
ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രതിഷേധം സ്വന്തം ലേഖകൻ തൃശൂര്‍ ഇരുപതുവര്‍ഷമായി പാർടി പ്രവർത്തനത്തിൽ ഇല്ലാത്തയാളെ മണ്ഡലം പ്രസിഡന്റാക്കിയതിൽ മറ്റത്തൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തൃശൂർ ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ കോലം കത്തിക്കാനും ശ്രമമുണ്ടായി. തിങ്കൾ പകൽ 11നാണ് നേതാക്കളും പ്രവർത്തകരും ഡിസിസി പ്രസിഡന്റിന്റെ കോലവുമായി കരുണാകരൻ സപ്‌തതി മന്ദിരത്തിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റ് സ്ഥലത്തില്ലാത്തതിനാൽ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് തുടങ്ങി. കോൺഗ്രസിനെ തകർക്കുന്ന ഡിസിസി പ്രസിഡന്റ് രാജിവയ്‌ക്കണമെന്ന് മുദ്രാവാക്യം വിളിച്ചു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ അന്തകനാണ് ജോസഫ് ടാജറ്റെന്നും പുതുക്കാട് മണ്ഡലത്തിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് കെപിസിസി അനുവദിച്ച ഫണ്ട് ഡിസിസി പ്രസിഡന്റ് തടഞ്ഞുവച്ചെന്നും അവര്‍ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നൈജോ വാസുപുരത്തുകാരൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. മറ്റത്തൂരിൽ ബിജെപിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് ഭരിക്കുന്നത്. ഇതേച്ചൊല്ലി ഡിസിസി സെക്രട്ടറി ടി എം ചന്ദ്രനുൾപ്പെടെ നേതാക്കളെ പുറത്താക്കി. ജോൺ വട്ടക്കാവിലാണ് താൽക്കാലിക മണ്ഡലം പ്രസിഡന്റ്. നേരത്തെ നടപടിയെടുത്ത ഹസന്‍ വില്ലനെ മണ്ഡലം പ്രസിഡന്റായി ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലാണ് പ്രതിഷേധമെന്ന് നൈജോ വാസുപുരത്തുകാരൻ പറഞ്ഞു. ഡിസിസി കോർ കമ്മിറ്റിയിലോ ഭാരവാഹികളുമായോ വിഷയം ചർച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ചവര്‍ ബിജെപിക്കാരാണെന്ന വാദവുമായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പത്രക്കുറിപ്പിറക്കി.









0 comments