യാത്രാച്ചെലവ് വേണം; ആനന്ദ് പാരീസിൽ പന്തുതട്ടും

ആനന്ദ് ബോധി

സ്വന്തം ലേഖകൻ
Published on Jun 23, 2026, 01:32 AM | 1 min read
ആലപ്പുഴ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും എംബാപ്പെയുടെയും നാട്ടിൽ ആനന്ദ് ബോധി പന്തുതട്ടും. യാത്രാ ചെലവിനുള്ള തുക കണ്ടെത്താൻ ജില്ലാ പഞ്ചായത്തും സഹായിക്കും. മാവേലിക്കര മാങ്കാംകുഴി കപിലവസ്‌തുവിൽ സുഭാഷ് നാഗയുടെയും ഉഷയുടെയും മകനായ ആനന്ദ് 29ന് പോർച്ചുഗലിൽ ഐബർകപ്പ് ടൂർണമെന്റിൽ പങ്കെടുക്കും. ജൂലൈ അഞ്ചിന് പാരീസ് വേൾഡ് ഗെയിംസിലും കളിക്കും.
യാത്രയ്‍ക്കും മറ്റുമായി വലിയ സാമ്പത്തികഭാരമാണ് കുടുംബത്തിന്. പ്രതിസന്ധി വെൺമണി ഡിവിഷന്‍ കൗൺസിലര്‍ ടി വിശ്വനാഥൻ ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സാധ്യമായ സഹായങ്ങള്‍ നൽകാൻ യോഗം തീരുമാനിച്ചു. ചെന്നൈയിലെ ഷൈനിങ് സ്‌റ്റാർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിലാണ് ആനന്ദ്.
താമരക്കുളത്ത് ഫിഫയുടെ അംഗീകാരത്തോടെ സംഘടിപ്പിച്ച അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആനന്ദ് എത്തിയത്. ഒമ്പതിൽ കൊല്ലത്തെ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം തുടങ്ങി. 2025ൽ ഊട്ടിയിൽ അണ്ടർ- 16 ലീഗിൽ പങ്കെടുത്ത ആനന്ദ് മികച്ച കളിക്കാരനും ടോപ് സ്‌കോററുമായി. സ്വീഡനിൽ വേൾഡ് യൂത്ത് കപ്പിൽ പങ്കെടുത്തു.
വെട്ടിയാർ ടി എം വർഗീസ് മെമ്മോറിയൽ ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന ആനന്ദ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആരാധ്യയാണ് സഹോദരി.സഹായം നൽകുന്നവർ 9745022802 എന്ന നന്പറിൽ അറിയിക്കണമെന്ന് ടി വിശ്വനാഥൻ അറിയിച്ചു.










0 comments