ad
Deshabhimani

print edition ആപത്തുകാലത്ത്‌ അയൽക്കാരേ ഉണ്ടാകൂ; ഹൈക്കോടതിയുടെ ഓർമപ്പെടുത്തൽ

kerala high court
avatar
സ്വന്തം ലേഖിക

Published on Jun 23, 2026, 02:18 AM | 1 min read

കൊച്ചി : തെങ്ങിന്റെ പേരിൽ വഴക്കടിച്ച അയൽവാസികളോട് ‘ആപത്തുവരുമ്പോൾ അടിയന്തര സഹായത്തിന് അയൽവാസി മാത്രമേ ഉണ്ടാകൂ’വെന്ന് ഹെെക്കോടതി. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കൂ’വെന്നും ഉപദേശിച്ച് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഹർജി തീർപ്പാക്കി. അയൽവാസിയുടെ തെങ്ങ് ഭീഷണിയാണെന്നുകാണിച്ച്‌ നെടുമങ്ങാട് സ്വദേശി നൽകിയ ഹർജിയാണ് പരസ്‌പരം സംസാരിച്ച്‌ ഒത്തുതീർപ്പിലെത്താൻ നിർദേശിച്ച്‌ അവസാനിപ്പിച്ചത്‌. ഒരു കപ്പ്‌ ചായയിൽ സംസാരിച്ചുതീർക്കേണ്ട കാര്യം കോടതിയിലെത്തിച്ച്‌ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹർജിക്കാരന് പിഴ ചുമത്തേണ്ടതാണെങ്കിലും കടുത്ത നടപടിയിലേക്ക് കടക്കുന്നില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.


ഇ‍ൗ വിഷയത്തിൽ വിവിധതലത്തിൽ അധികൃതർ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തി. പഞ്ചായത്തിന്റെ നിർദേശപ്രകാരം ഉടമസ്ഥൻ തെങ്ങ് കമ്പികൊണ്ട് വലിച്ചുകെട്ടുകയും തലപ്പത്ത് വലയിടുകയും ചെയ്തിരുന്നു. ഓംബുഡ്സ്മാനും അപകടഭീഷണി ഒഴിവാക്കാൻ നിർദേശങ്ങൾ നൽകിയിരുന്നു. ഇതിലൊന്നും തൃപ്തനാകാതെയാണ് ഹർജി നൽകിയത്. തുടർന്ന് ഹൈക്കോടതി അഭിഭാഷകകമീഷനെ നിയോഗിച്ചു. ഇതിനുള്ള പ്രതിഫലമായ ഒരുലക്ഷം രൂപ വഹിക്കാനും ഹർജിക്കാരൻ തയ്യാറായി. തെങ്ങിന് ബലക്ഷയമില്ലെന്നും തേങ്ങ ഹർജിക്കാരന്റെ പറമ്പിൽ വീഴാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്നും കമീഷൻ റിപ്പോർട്ട് നൽകി. എന്നാൽ, ഹർജിക്കാരൻ വീണ്ടും കോടതിയിലെത്തുകയായിരുന്നു. കക്ഷികളുടെ ഈഗോയാണ് നിസ്സാര പ്രശ്നത്തെ ഇത്രത്തോളമെത്തിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home