print edition പ്ലസ് വൺ; രണ്ടാം അലോട്ട്‌മെന്റിൽ പ്രവേശനം ഇന്നുകൂടി


സ്വന്തം ലേഖകൻ
Published on Jun 23, 2026, 02:23 AM | 1 min read
തിരുവനന്തപുരം : ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ചൊവ്വ വൈകിട്ട് അഞ്ചുവരെ. മെറിറ്റ് ക്വോട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്‌ന്ന ഓപ്ഷൻ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം.
രണ്ടാംഘട്ടത്തിൽ 20,103 പേർക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 20,708 പേർക്ക് ആദ്യ അലോട്ട്‌മെന്റിൽ ലഭിച്ചതിനേക്കാൾ ഉയർന്ന ഓപ്‌ഷൻ ലഭിച്ചു. ഇതോടെ ഒന്നാം അലോട്ട്‌മെന്റിൽ സ്ഥിരപ്രവേശനം നേടിയവരടക്കം ആകെ 2,40,568 പേർക്ക് സീറ്റായി. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 3,17,902 മെറിറ്റ് സീറ്റാണുള്ളത്. അപേക്ഷകർ 4,44,772. ഇതിൽ 43,735 പേർ സ്വന്തം ജില്ലയ്‌ക്കുപുറമെ മറ്റു ജില്ലകളിലേക്കുകൂടി അപേക്ഷിച്ചവരാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 1219 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് 28ന് പ്രസിദ്ധീകരിക്കും.









0 comments