അവര്‍ വരച്ചു; പൈതൃക വിസ്മയങ്ങള്‍

തൃശൂര്‍
ചരിത്രം കാലത്തിന്റെ ശേഷിപ്പുകളാണെങ്കിൽ, പൈതൃകം തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഓർമകളാണ്. ആ ഓർമകൾക്ക് കുട്ടികള്‍ നിറവും രൂപവും നൽകിയപ്പോൾ തൃശൂർ സംസ്ഥാന മ്യൂസിയത്തിലെ കാൻവാസുകളിൽ വിരിഞ്ഞത് ഇന്ത്യയുടെ ചരിത്രവിസ്മയങ്ങളും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും. താജ്മഹലിന്റെ ശിൽപ്പ സൗന്ദര്യവും കുത്തബ് മിനാറിന്റെ ചരിത്രപ്രൗഢിയും വള്ളംകളിയുടെ തനിമയും കുരുന്നുകളുടെ വരയില്‍ പുതുജീവൻ നേടി. ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന കാഴ്ചബംഗ്ലാവ് – മൃഗശാല വകുപ്പ് സംഘടിപ്പിച്ച ചിത്രരചനാമത്സരം പൈതൃകബോധവും സർഗാത്മകതയും സമന്വയിച്ച വേറിട്ട അനുഭവമായി. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഏതെങ്കിലും പൈതൃക സ്മാരകത്തിന്റെ ചിത്രം വരയ്ക്കാനാണ് ഹൈസ്കൂൾ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. പ്രണയത്തിന്റെയും വാസ്തുവിദ്യാ വൈഭവത്തിന്റെയും പ്രതീകമായ താജ്മഹൽ നിരവധി കാൻവാസുകളിൽ ഇടംപിടിച്ചു. യുപി വിഭാഗത്തിന് വിഷയമായത് കേരളത്തിന്റെ തനത് ജലോത്സവമായ വള്ളംകളിയായിരുന്നു. തുഴകളുടെ താളവും വള്ളപ്പാട്ടിന്റെ ആവേശവും കൂട്ടായ്മയുടെ കരുത്തും നിറങ്ങളിൽ ആവിഷ്കരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമായ വള്ളംകളി കുരുന്നുകളുടെ ചിത്രങ്ങളിലൂടെ കാൻവാസിൽ പുനർജനിച്ചു. യുപി വിഭാഗത്തിൽ 32 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 15 പേരും ഉൾപ്പെടെ 47 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.









0 comments