കരൾ പകുത്ത് നൽകാൻ അനുമതി നേടി പ്രേംശങ്കർ അന്തിക്കാട്
ഇനി നിയമതടസ്സങ്ങളില്ല

പ്രേംശങ്കർ അന്തിക്കാട്
തൃശൂർ
ഇനി നിയമതടസ്സങ്ങളില്ല, പ്രേംശങ്കർ അന്തിക്കാടിന് സുഹൃത്തിന് കരളു പങ്കിടാം. അവയവദാനത്തിന് നിയമപരമായി പ്രശ്‌നങ്ങളില്ലെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി തോമസ് ഉത്തരവിറക്കി. തിങ്കളാഴ്‌ച രാത്രിയാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് ശസ്‌ത്രക്രിയ നടത്തുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും അയച്ചിട്ടുണ്ട്. ജീവന്റെ തുടിപ്പിനായി തന്റെ പാതി കരൾ പകുത്തുനൽകി മനുഷ്യസ്‌നേഹത്തിന്റെ പുതിയ ലോകം സൃഷ്‌ടിക്കാനായി ഡിവൈഎഫ്‌ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രേംശങ്കറിന്റെ ശ്രമം ഇതോടെ സാധ്യമാകുകയാണ്. ‘നീതി ലഭിച്ചു'വെന്ന് പ്രേംശങ്കർ അന്തിക്കാട് പ്രതികരിച്ചു. അവയവദാന ശസ്‌ത്രക്രിയ്‌ക്ക് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് കരൾ ദാനം ചെയ്യാനുള്ള അപേക്ഷ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി നിരസിച്ചത്. തുടർന്ന് പ്രേംശങ്കർ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. ഇതിൽ ഇടപെട്ട ഹൈക്കോടതി ഏഴ് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കാൻ സംസ്ഥാന തല സമിതിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘കെസോട്ടോ' ശനിയാഴ്‌ച അനുകൂല തീരുമാനം എടുത്തത്. തുടർന്ന് അന്തിമ തീരുമാനത്തിനായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിട്ടു. ജൂലൈ രണ്ടിനാണ് കരൾ നൽകുന്നതിനുള്ള ശസ്‌ത്രക്രിയ തീരുമാനിച്ചിരുന്നത്. പക്ഷേ, ജൂലൈ ഒന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റി അപേക്ഷ നിരസിച്ചതോടെ നടപടികൾ മുടങ്ങി. അടുത്ത നടപടിയായി സംസ്ഥാന തല സമിതിയെ സമീപിക്കണം. എന്നാൽ, ഇതിലുണ്ടാകാൻ സാധ്യതയുള്ള കാലതാമസം ഒഴിവാക്കാനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ സ്വീകർത്താവിന് കരൾ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, പരിശോധനകളും രേഖകളും ശരിയാക്കാനായി ഒന്നര മാസമെടുത്തു. ഇരുവരുടെയും സൗഹൃദം തെളിയിക്കാൻ പഴയ ഫോട്ടോ അടക്കമുള്ളവ ഹാജരാക്കാൻ സാധിച്ചില്ല എന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.











0 comments