8 വർഷത്തെ സ്നേഹക്കൂടിന് വിട
നിള ഇനി ഇറ്റലിയിലേക്ക്

തിരുവനന്തപുരം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തണലിൽ എട്ടു വർഷമായി വളർന്ന നിള എന്ന എട്ടു വയസ്സുകാരി ഇറ്റലിയിലെ ലൂക്കയിലെ പുതിയ വീട്ടിലേക്ക്. നിയമക്കുരുക്കുകൾമൂലം ദത്തെടുക്കൽ വൈകിയ നിളയെ ഇറ്റലി സ്വദേശികളായ യാക്കോപ്പോ റുസോയും സാറാ ജോർജിയും ചേർന്നാണ് ദത്തെടുത്തത്. 2018 ഫെബ്രുവരിയിൽ 15 ദിവസംമാത്രം പ്രായമുള്ളപ്പോഴാണ് അച്ഛനമ്മമാർ ഉപേക്ഷിച്ച കുഞ്ഞ് സമിതിയിലെത്തുന്നത്. അടുത്ത ബന്ധുക്കൾ ഉണ്ടായിരുന്നതിനാൽ നിയമക്കുരുക്കിൽപ്പെട്ട നിളയെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2025 നവംബറിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ദത്തെടുക്കലിനായി സ്വതന്ത്രയാക്കിയത്. തൈക്കാട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കലക്ടർ അനു കുമാരിയുടെ സാന്നിധ്യത്തിൽ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി കുട്ടിയെ പുതിയ അച്ഛനമ്മമാർക്ക് കൈമാറി. എട്ടു വർഷം നെഞ്ചോട് ചേർത്തു വളർത്തിയ സമിതിയിലെ അമ്മമാർ കണ്ണീരോടെയാണ് നിളയെ യാത്രയാക്കിയത്. മൂന്ന് വർഷത്തില്‍ 247 കുട്ടികളെ ദത്ത് നൽകിയതായി സമിതി അറിയിച്ചു.











0 comments