ad
Deshabhimani

print edition ഡോക്ടറുടെ സേവനം നിലയ്‌ക്കും; തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഫണ്ടില്ല

Kerala Health Services Crisis
avatar
റഷീദ്‌ ആനപ്പുറം

Published on Jul 08, 2026, 01:54 AM | 2 min read

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം സർക്കാർ തടഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ താൽക്കാലിക ഡോക്ടർമാരുടെ ശന്പളവും കിടപ്പുരോഗികൾക്കടക്കമുള്ള ‘സാന്ത്വന പരിചരണ പദ്ധതി’യും മുടങ്ങി.


ആർദ്രം പദ്ധതിയുടെ ഭാഗമായി നിയമിച്ച ആയിരത്തോളം ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്‌റ്റാഫുകൾക്കും ശന്പളം നൽകാനാകാതെ വലയുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾ. ആശുപത്രികളിൽ ഉച്ചയ്‌ക്കുശേഷം ജോലി ചെയ്യുന്ന ഇവരുടെ സേവനം, ശന്പളം മുടങ്ങിയതോടെ ഏത്‌ സമയവും അവസാനിക്കുമെന്ന സ്ഥിതിയിലാണ്‌. തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിലെ ആദ്യഗഡുവായ 3000 കോടിരൂപ സർക്കാർ നൽകാത്തതിനാൽ പദ്ധതി നിർവഹണംമുതൽ ക്ഷേമ പ്രവർത്തനങ്ങൾവരെ സ്‌തംഭിച്ചിരിക്കുകയാണ്‌.


പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ എൽഡിഎഫ്‌ സർക്കാർ ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ, ഒരു പാരാമെഡിക്കൽ സ്‌റ്റാഫ്‌ എന്നിവരെ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അധികാരം നൽകി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടുവീതവും താലൂക്ക്‌ ആശുപത്രികളിൽ ഒന്നുവീതവും ആണ്‌ ഡോക്ടർമാരും പാരാമെഡിക്കൽ സ്‌റ്റാഫും. ഇവർക്ക്‌ വേതനം നൽകുന്നത്‌ പദ്ധതിവിഹിതത്തിൽനിന്നാണ്‌. ഇവരുടെ സേവനം നിലക്കുന്നത്‌ പകർച്ചവ്യാധികൾ പടരുന്ന ഇ‍ൗ ഘട്ടത്തിൽ തിരിച്ചടിയാകും.


തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന സാന്ത്വന പരിചരണ പദ്ധതിയിൽ 1600 പാലിയേറ്റീവ്‌ നഴ്‌സുമാരുണ്ട്‌. കിടപ്പുരോഗികളെയും മാരകരോഗം ബാധിച്ചവരെയും വീടുകളിലെത്തി പരിചരിക്കുന്നത്‌ ഇ‍ൗ നഴ്‌സുമാരാണ്‌. മരുന്നുകൾ, ഡയാലിസിസ്‌ രോഗികൾക്കുള്ള കിറ്റ്‌, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയവയും ലഭ്യമാക്കുന്നു. ഒരു പഞ്ചായത്തിൽ ശരാശരി 500 പേർക്ക്‌ ഇ‍ൗ നഴ്‌സുമാരുടെ പരിചരണം ലഭിക്കുന്നു.


ഓരോ തദ്ദേശസ്ഥാപനവും 10 മുതൽ 20 ലക്ഷംരൂപയുടെ പദ്ധതിയാണ്‌ സാന്ത്വന പരിചരണത്തിനായി തയ്യാറാക്കുന്നത്‌. പുതിയ സാന്പത്തിക വർഷത്തേക്കും തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കാനാകുന്നില്ല.


സ്‌പിൽ ഓവർ: പദ്ധതി 
പരിഷ്‌കരിക്കാൻ 
സമയം നീട്ടി


തദ്ദേശ സ്ഥാപനങ്ങളുടെ സ്‌പിൽ ഓവർ പ്രോജക്ടുകൾകൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി പരിഷ്‌കരിക്കാനുള്ള അവസാന തീയതി 31വരെ നീട്ടി. ജൂൺ 30നാണ്‌ കാലാവധി കഴിഞ്ഞത്‌. സർക്കാരിന്റെ അനാസ്ഥകാരണം സ്‌പിൽ ഓവർ ഉൾപ്പെടുത്തി പദ്ധതിൾ പരിഷ്‌കരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം നിയമസഭയിലടക്കം പ്രതിഷേധിച്ചിരുന്നു. അതോടെയാണ്‌ കാലാവധി നീട്ടി ഉത്തരവിറക്കിയത്‌.


പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റിൽ ഇതുവരെ ലഭിച്ച തുകയിൽ ബാക്കിയുള്ള തുകയ്‌ക്കും പലിശ തുകയ്‌ക്കുമുള്ള പദ്ധതികളും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ഏറ്റെടുക്കാം. പരിഷ്‌കരിച്ച വാർഷിക പദ്ധതികൾ ലഭിക്കുന്ന മുറയ്‌ക്ക്‌ ജില്ലാ ആസൂത്രണ സമിതികൾ അംഗീകാരം നൽകണമെന്നും ഉത്തരവിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home