സുനാമി ഫ്ലാറ്റുകളിലെ കണ്ണീർക്കടൽ

കാസർകോട് ബീരന്ത്‌വയലിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി നിർമിച്ചു നൽകിയ സുനാമി ഫ്‌ളാറ്റുകൾ
കെ സി ലൈജുമോൻ
Published on Jul 08, 2026, 02:36 AM | 1 min read
കാസർകോട്
16 വർഷം മുന്പാണ് കടലോരത്തുനിന്നും നൂറോളം കുടുംബങ്ങൾ ബീരന്ത്‌വയലിലെ "സുനാമി ഫ്‌ളാറ്റിലേക്ക്' താമസം മാറിയത്. മുകളിലും താഴെയുമായി നാലുവീതം കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുംവിധമുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടമാണ് നിർമിച്ചത്. ഇത്തരത്തിൽ 102 കുടുംബത്തിന് താമസിക്കാനുള്ള കെട്ടിടമാണ് സർക്കാർ ഒരുക്കിയത്. സുനാമി ആഞ്ഞുവീശിയപ്പോൾ വീടും പറന്പും ഉൾപ്പെടെ ജീവനോപാധികൾ വരെ നഷ്ടപ്പെട്ട കടലിന്റെ മക്കളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടലോരത്തുനിന്നും വിളിപ്പാടകലെ താമസസൗകര്യമൊരുക്കിയത്. ഏതാനും വർഷങ്ങൾ കഴിഞ്ഞതോടെ ഇവിടുത്തെ താമസം ദുരിതാവസ്ഥയിലായി. സംസ്ഥാന സർക്കാർ നിർമാണം പൂർത്തിയാക്കി നഗരസഭയ്‌ക്ക് കൈമാറി നൽകിയ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ഗുണഭോക്താക്കൾക്ക് നൽകാൻ ഇതുവരെയും തയ്യാറായില്ലെന്ന് ഇവിടുത്തുകാർ പറയുന്നു. ഒരു രൂപ വായ്‌പയെടുക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. പഞ്ഞമാസങ്ങളിൽ വീട് പുകയുന്നതുതന്നെ മറ്റുള്ളവരുടെ കാരുണ്യത്തിലാണെന്ന് ഇവർ ഒന്നടങ്കം പറയുന്നതിലറിയാം ഇവിടുത്തെ ദുരിതം എത്രത്തോളമെന്ന്. ഒരു പതിറ്റാണ്ടായി ഇവർ അനുഭവിക്കുന്ന ദുരിതാവസ്ഥയ്‌ക്ക് പരിഹാരം കാണാൻ നഗരഭരണക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറാകാത്തതാണ് ഇവരെ ഏറെ വേദനിപ്പിക്കുന്നത്. താമസിക്കാൻപോലും കഴിയാത്ത വിധം അപകടാവസ്ഥയിലാണ് മിക്ക വീടുകളുമുള്ളത്. കോൺക്രീറ്റ് പാളികൾ അടർന്നുവീണ് വീട്ടമ്മയ്‌ക്ക് പരിക്കേറ്റ സംഭവം അടുത്തനാളിലുണ്ടായി. സ്വന്തംപേരിൽ രജിസ്‌റ്റർചെയ്‌ത് നൽകിയ ഭൂമിയും കെട്ടിടവുമാണെങ്കിൽ വായ്‌പയെടുത്തെങ്കിലും നന്നാക്കി ഉപയോഗിക്കാൻ കഴിയുമായിരുന്നു. അതിനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇവിടുത്തെ പ്രശ്‌നങ്ങൾക്കുനേരെ എപ്പോഴും കണ്ണടയ്‌ക്കുന്ന സമീപനമാണ് കാസർകോട് നഗരസഭയുടെ ഭാഗത്തുനിന്നുമുള്ളത്. താമസക്കാരുടെ പ്രതിഷേധം നഗരസഭാ ഓഫീസിലേക്കെത്തുന്പോൾ ആരോഗ്യവിഭാഗം സ്ഥലം സന്ദർശിക്കും. ഇതിൽ ഒതുങ്ങുകയാണ് പ്രശ്‌ന പരിഹാരമെന്നാണ് ഇവരുടെ പരാതി. (തുടരും)











0 comments