നാടിന്റെ പ്രിയതാരത്തിന് കണ്ണീരോടെ വിട

നവോമി

സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:15 AM | 1 min read
വടക്കാഞ്ചേരി
വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട് അവയവദാനത്തിലൂടെ നിരവധി കുടുംബങ്ങളിൽ പ്രകാശം പടർത്തിയ നവോമി(23)ക്ക് ജന്മനാട് കണ്ണീരോടെ വിടനൽകി. ജോലിയിൽ പ്രവേശിക്കാൻ കുടുംബത്തോടൊപ്പം തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ കൊട്ടാരക്കരവച്ച് ഇവർ സഞ്ചരിച്ച കാർ പാഴ്സൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നവോമിയെ അവസാനമായി ഒരുനോക്ക് കാണാൻ വടക്കാഞ്ചേരി പുല്ലാനിക്കാടുള്ള വസതിയിലേക്ക് സ്നേഹിതരും ബ ന്ധുക്കളും നാട്ടുകാരും രാഷ്ട്രീ യ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരുമടക്കം വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. വാണിയംകിഴക്കേൽ വിൻസെന്റിന്റെയും ജിപ്സിയുടെയും മകളാണ് നവോമി. അപകടത്തി ൽ ഗുരുതര പരിക്കേറ്റ നവോമിക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വലിയ ദുരന്തത്തിന്റെ ആഘാതത്തിലും നവോമിയുടെ ഹൃദയം, കണ്ണുകൾ, വൃക്കകൾ, കര ൾ, പാൻക്രിയാസ്, ബ്ലഡ് വെസൽസ് എന്നിവ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതപത്രം നൽകി. അപകടത്തിൽ നവോമിയുടെ അമ്മ ജിപ്സിക്കും സഹോദരൻ ജോയലിനും പരിക്കേറ്റിട്ടുണ്ട്. അച്ഛൻ വിൻസെന്റ് ഡ്രൈവറാണ്. ജിപ്സി ജിം പരിശീലകയും സഹോദരി എയ്ഞ്ചൽ എറണാകുളത്ത് അധ്യാപികയുമാണ്. ഖോ- ഖോ താരമായിരുന്ന നവോമി, രജിഷ വിജയൻ കേന്ദ്രകഥാപാത്രമായ ‘ഖോ ഖോ' എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് സൈക്കോളജിയിൽ പിജി ബിരുദവും നേടിയിട്ടുണ്ട്. വടക്കാഞ്ചേരി ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.











0 comments