തൊഴിലുറപ്പ് തിരിച്ചുപിടിക്കാൻ സമരത്തീ പടരണം: എ വിജയരാഘവൻ

തൃശൂർ
കേന്ദ്രസർക്കാർ തകർത്ത തൊഴിലുറപ്പ് പദ്ധതി തിരിച്ചുപിടിക്കാൻ എല്ലാ തൊഴിലാളി വിഭാഗങ്ങളും ഒന്നിച്ച്, സമരത്തീ ആളി പ്പടർത്തണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ഗാന്ധിയെ വധിച്ചവർ തൊഴിലാളികളുടെ നേരെ വെടിയുതിർക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ പാവപ്പെട്ട തൊഴിലാളികൾക്കുനേരെ നടന്ന ഏറ്റവും വലിയ കടന്നാക്രമണമാണിത്. തൊഴിലുറപ്പ് തൊഴിലാളി നിയമമാണ് മോദി സർക്കാർ തകർത്തെറിഞ്ഞത്. വരടിയത്ത് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ പൂർണമായും തുക കേന്ദ്രസർക്കാരാണ് വഹിക്കേണ്ടത്. അതില്ലാതാക്കി. തൊഴിൽ ഉറപ്പുനൽകുന്ന നിയമ പരിരക്ഷയും ഇല്ലാതാക്കി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അതിവേഗം അംഗീകാരം നൽകി. സ്‌റ്റാൻഡിങ് കമ്മിറ്റികളിൽപ്പോലും ചർച്ചചെയ്യാതെ ഏകപക്ഷീയമായാണ് നിയമഭേദഗതി വരുത്തിയത്. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനങ്ങൾ 40 ശതമാനം വഹിക്കണമെന്ന നിബന്ധനപ്രകാരം കേരളം കോടികളുടെ ബാധ്യത വഹിക്കണം. ഉത്തരവാദിത്വം സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിച്ച് കേന്ദ്രം തടിതപ്പുകയാണ്. കേന്ദ്രവിഹിതവും മാസങ്ങൾ കുടിശ്ശിക പതിവാണ്. 125 തൊഴിൽ ദിനങ്ങൾ എന്ന് വാഗ്‌ദാനം ചെയ്യുന്പോഴും പല മാസങ്ങളിലും പണി നടത്താൻ പാടില്ലെന്ന് പറയുന്നു. നിയമപരമായ സുരക്ഷിതത്വമില്ലാതെ സ്‌കീം മാത്രമാക്കി ചുരുക്കി. ഇതിനെതിരെ രാജ്യമെന്പാടും തൊഴിലാളികൾ ശബ്‌ദമുയർത്തണം.
കേന്ദ്രസർക്കാർ ജനങ്ങളെ ജാതി– മതങ്ങളായി വിഭജിച്ച് വർഗീയത പടർത്തുകയാണ്. ശതകോടീശ്വരന്മാരുടെയും വർഗീയശക്തികളുടെയും പിന്തുണയോടെ പാവങ്ങളുടെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം ഉയരണമെന്നും എ വിജയരാഘവൻ പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങിൽ തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ വൈസ് പ്രസിഡന്റ് എം കെ പ്രഭാകരൻ, സിപിഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ കൃഷ്ണകുമാർ,യൂണിയൻ ഏരിയ സെക്രട്ടറി എം ഡി വികാസ് രാജ് എന്നിവർ സംസാരിച്ചു.










0 comments