അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ സുഹൃത്തിന് ജീവപര്യന്തം

ഷാനവാസ്
തൃശൂർ
അതിഥിത്തൊഴിലാളി നദീമിനെ കുത്തിക്കൊന്ന കേസില്‍ സുഹൃത്ത് ഷാനവാസ് എന്ന മാവോ ഷാനവാസിന് ശിക്ഷ. വിവിധ വകുപ്പുകളിലായി പ്രതിക്ക് ജീവപര്യന്തം കഠിനതടവിനും 27,000 രൂപ പിഴയ്ക്കും തൃശൂർ നാലാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി പി എസ് സൈമ ശിക്ഷിച്ചു. പിഴയടയ്‌ക്കാത്ത പക്ഷം ആറു മാസം അധികതടവ് അനുഭവിക്കണം. 2009 ജൂണ്‍ 14ന് ആളൂര്‍ കൊമ്പൊടിഞ്ഞാമാക്കലില്‍ ഷാനവാസിന്റെ സുഹൃത്ത് ഷൗക്കിൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കേസിനാസ്പദമായ സംഭവം. കടം വാങ്ങിയ പണം തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട ഷാനവാസ് സുഹൃത്ത് ഷൗക്കിനുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൊത്തുളി ഉപയോഗിച്ച് ഷൗക്കിനെ കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച മറ്റൊരു സുഹൃത്തായ നദീമിന്റെ നെഞ്ചിന്റെ ഹൃദയഭാഗത്ത് ഷാനവാസ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. എസ്‌ഐ കെ എം വാസുദേവൻ, ഇൻസ്‌പെക്ടർ സി ആര്‍ സന്തോഷ് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളി ജോസഫ് ഹാജരായി.









0 comments