Deshabhimani

പ്രതിഷേധത്തിനൊടുവിൽ വനംവകുപ്പ് പിടികൂടി

അഞ്ചുദിവസം ജനങ്ങളെ വലച്ച് കുരങ്ങൻ

കൊമ്പൊടിഞ്ഞാമാക്കലിൽ അഞ്ച് ദിവസമായി ഭീതി പരത്തിയ 
കുരങ്ങനെ വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ച് പിടികൂടിയപ്പോൾ
വെബ് ഡെസ്ക്

Published on Sep 30, 2026, 12:17 AM | 1 min read

ആളൂർ

കൊമ്പൊടിഞ്ഞാമാക്കലിൽ അഞ്ച് ദിവസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കുരങ്ങനെ ഒടുവിൽ വനംവകുപ്പ് അധികൃതർ പിടികൂടി. നാട്ടുകാരുടെ നിരന്തര പരാതികൾക്കും വനംവകുപ്പിനെതിരെ ഉയർന്ന പ്രതിഷേധത്തെയും തുടർന്നാണ് വനപാലകർ കൂട് സ്ഥാപിച്ച് കുരങ്ങനെ പിടികൂടിയത്. അഞ്ച് ദിവസമായി കൊമ്പൊടിഞ്ഞാമാക്കലിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും കുരങ്ങുശല്യം രൂക്ഷമായിരുന്നു. കടകളിൽനിന്ന് പഴങ്ങളും മുട്ടയും മറ്റ് ഭക്ഷ്യസാധനങ്ങളും അപഹരിക്കുന്നത് പതിവായതോടെ വ്യാപാരികളും നാട്ടുകാരും ദുരിതത്തിലായി. കടകൾ തുറന്നു പ്രവർത്തിക്കാനും വീടുകളിൽ സമാധാനത്തോടെ കഴിയാനും കഴിയാത്ത സാഹചര്യമുണ്ടായി. ആദ്യ ദിവസം മുതൽ തന്നെ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ വാഹനമില്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ നടപടി വൈകിപ്പിച്ചെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദിവസങ്ങളോളം ജനങ്ങൾ ഭീതിയിൽ കഴിഞ്ഞിട്ടും അടിയന്തര നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്റെ നിലപാടിനെതിരെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് ചാലക്കുടി മൊബൈൽ പാർടി റേഞ്ചിലെ ബിഎഫ്ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് കുരങ്ങനെ പിടികൂടിയത്. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വന്യജീവി ശല്യം നേരിടാൻ ആവശ്യമായ വാഹനങ്ങളും അടിയന്തര സംവിധാനങ്ങളും ഒരുക്കുന്നതിൽ വനംവകുപ്പ് വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ഉന്നത അധികാരികൾക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home