Deshabhimani

print edition തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ എൽഡിഎഫ്‌ മുന്നേറ്റം; 7 വാർഡ് പിടിച്ചെടുത്തു

ldf election.jpg
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Sep 30, 2026, 02:53 AM | 2 min read

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻ മുന്നേറ്റം. ജില്ലാപഞ്ചായത്ത്‌ ഡിവിഷനും രണ്ട്‌ ബ്ലോക്ക്‌ ഡിവിഷനും നഗരസഭാ വാർഡും ഉൾപ്പെടെ ഏഴ്‌ സീറ്റ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു. യുഡിഎഫിലെ രണ്ട്‌ എംഎൽഎമാരുടെ സിറ്റിങ്‌ സീറ്റും ഇതിലുള്‍പ്പെടും. എൽഡിഎഫ് സീറ്റ് 15ല്‍നിന്ന് 18 ആയപ്പോൾ യുഡിഎഫിന്റേത്‌ 22ൽനിന്ന്‌ 19ലെത്തി. ട്വന്റി ട്വന്റി ഒരുസീറ്റ്‌ നിലനിർത്തി. ബിജെപി ഒരിടത്തും ജയിച്ചില്ല.

രാഷ്‌ട്രീയപോരാട്ടമായി കണക്കാക്കാവുന്ന ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകളിൽ എൽഡിഎഫിന്‌ ലഭിച്ച മേൽക്കൈ മാറുന്ന രാഷ്‌ട്രീയത്തിന്റെ സൂചനയായി.


മൂന്ന്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ രണ്ടിലും ഏഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിൽ അഞ്ചിലും മൂന്ന്‌ നഗരസഭാ വാർഡുകളിൽ രണ്ടിലും എൽഡിഎഫ്‌ വിജയിച്ചു. രണ്ട്‌ കോർപറേഷൻ വാർഡ്‌ യുഡിഎഫ്‌ നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി. ഒമ്പത്‌ പഞ്ചായത്ത്‌ വാർഡിൽ എൽഡിഎഫ്‌ വിജയിച്ചപ്പോൾ യുഡിഎഫ്‌ 13 വാർഡ്‌ നേടി.


കോട്ടയം ജില്ലാപഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്ത എൽഡിഎഫ്‌, പാലക്കാട്‌ ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷൻ നിലനിർത്തി. യുഡിഎഫ്‌ എംഎൽഎ വിനു ജോബിന്റെ സിറ്റിങ്‌ സീറ്റായ തൃക്കൊടിത്താനത്ത്‌ എൽഡിഎഫിലെ മഞ്ജു സുജിത്താണ്‌ അട്ടിമറിവിജയം നേടിയത്‌. പല്ലശ്ശനയില്‍ മുമ്പത്തേക്കാള്‍ ഭൂരിപക്ഷം ഗണ്യമായി വര്‍ധിച്ചു.


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ പകുതിയോളം കുറഞ്ഞു. ചിറയിൻകീഴ്‌ ബ്ലോക്കിലെ അഞ്ചുതെങ്ങും പാലക്കാട്‌ ആലത്തൂർ ബ്ലോക്കിലെ അത്തിപ്പൊറ്റ ഡിവിഷനും യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു.


മൂന്ന്‌ നഗരസഭാ വാർഡുകളിൽ രണ്ടും എൽഡിഎഫ്‌ നേടി. പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചപ്പോൾ കണ്ണൂർ മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ നിലനിർത്തി. കോൺഗ്രസ്‌ എംഎൽഎ സുമേഷ്‌ അച്യുതൻ ജയിച്ച പരുത്തിക്കാവ്‌ വാർഡാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. എൽഡിഎഫിലെ വി തുളസീധരൻ നറുക്കെടുപ്പിലാണ്‌ ഇവിടെ വിജയിച്ചത്‌. തൃശൂർ ചാലക്കുടി നഗരസഭയിലെ മുൻസിപ്പൽ ഓഫീസ്‌ വാർഡ്‌ യുഡിഎഫ-്‌ നിലനിർത്തി.


രണ്ട്‌ കോർപറേഷൻ വാർഡുകൾ യുഡിഎഫ്‌ നിലനിർത്തിയെങ്കിലും ഭൂരിപക്ഷം പകുതിയിലേറെ കുറഞ്ഞു. 1183 വോട്ടിന്‌ ജയിച്ച കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ്‌ ഡിവിഷനിലെ ഭൂരിപക്ഷം 543 ആയി കുറഞ്ഞു. തൃപ്പൂണിത്തുറ എംഎൽഎ ദീപക്‌ ജോയി രാജിവച്ച സീറ്റാണിത്‌. മുസ്ലിംലീഗിലെ ഫാത്തിമ തഹ്‌ലിയ എംഎൽഎ 2273 വോട്ടിന്‌ ജയിച്ച കോഴിക്കോട്‌ കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 436 ആയി കുറഞ്ഞു. മൂന്ന്‌ പഞ്ചായത്ത്‌ വാർഡ്‌ യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. നാല്‌ വാർഡ്‌ എൽഡിഎഫിന്‌ നഷ്‌ടമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home