സുരക്ഷാ മുന്നൊരുക്കങ്ങളുമായി മോക് ഡ്രിൽ

ദുരന്ത നിവാരണ മോക്ഡ്രില്ലിന്റെ ഭാഗമായി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയ കുഞ്ഞിനെ എൻഡിആർഎഫ് സംഘം റോപ്പ് വഴി രക്ഷപ്പെടുത്തുന്നു
തൃശൂർ
ദുരന്തനിവാരണ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സിവിൽ സ്റ്റേഷനിൽ തകർന്ന കെട്ടിടത്തിൽനിന്നുള്ള ഒഴിപ്പിക്കൽ രക്ഷാപ്രവർത്തന സംയുക്ത മോക് ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് മോക് ഡ്രിൽ നടത്തിയത്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, മോട്ടോർവാഹനവകുപ്പ്, സിവിൽ ഡിഫൻസ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. മൂന്ന് നിലയിലായി സ്ഥിതിചെയ്യുന്ന ജില്ലാ സിവിൽ സ്റ്റേഷൻ കെട്ടിടം തകരുന്ന സാഹചര്യമുണ്ടായാൽ വിവിധ രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാനും ഇൻസിഡന്റ് റെസ്പോൺസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്. കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും റോപ്പ് റെസ്ക്യൂ സംവിധാനത്തിലൂടെ സുരക്ഷിതമായി താഴെയെത്തിക്കുന്നതും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുക്കുന്നതിനുള്ള കട്ട് ആൻഡ് റെസ്ക്യൂ, ഫയർ റെസ്ക്യൂ, ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള രക്ഷാപ്രവർത്തന രീതികൾ പരിശീലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വാളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ഡെപ്യൂട്ടി കലക്ടർ ഇന്ദു, എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡന്റ് ചെല്ല വിഘ്‌നേശ്, ഇൻസ്‌പെക്ടർ ഹരിപ്രസാദ്, സ്റ്റേഷൻ ഹൗസ് ഓഫീസർ വൈശാഖ് എന്നിവർക്കൊപ്പം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.









0 comments