പശുക്കൾക്കും വേണം മഴക്കാല ജാഗ്രത

തൃശൂർ
മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുതലായതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ്. മുടന്തൻ പനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ, അകിടുവീക്കം, കുരലടപ്പൻ തുടങ്ങിയ രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. പാലുൽപ്പാദനം കൂടുതലുള്ള പശുക്കൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ ഊർജം കൂടുതലുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകണം. കന്നുകാലികളുടെ ആരോഗ്യം, തൊഴുത്ത്, ചാണക്കുഴി, പരിസര പ്രദേശങ്ങളുടെ ശുചിത്വം കറവക്കാരന്റെ ശുചിത്വം എന്നിവ ശ്രദ്ധിക്കണം. തൊഴുത്ത് വൃത്തിയാക്കുവാൻ ബ്ലീച്ചിങ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കണം. തറയിൽ വെള്ളവും പാലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ഏത് കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനിൽക്കാതെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. പരിസരം കുമ്മായം വിതറി അണുവിമുക്തമാക്കേണ്ടതാണ്. ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കർപ്പൂരം, കുന്തിരിക്കം, തുമ്പ എന്നിവ പുകക്കാം. വയറിളക്കം, പൂപ്പൽ വിഷ ബാധ എന്നിവയ്‌ക്ക് സാധ്യത കൂടുതലായതിനാൽ തീറ്റ സാധനങ്ങൾ ഈർപ്പം തട്ടാതെ സൂക്ഷിക്കണം. ആന്തര- ബാഹ്യ പരാദങ്ങൾക്കെതിരെ കൃത്യസമയത്ത് മരുന്നു നൽകണം. കുടിവെള്ളത്തൊട്ടി ആഴ്ചയിൽ കഴുകി പൂപ്പൽ ഇല്ലെന്ന് ഉറപ്പുവരുത്തണം. ടിൻ ഷീറ്റ് അഥവാ തകിട് മേഞ്ഞ തൊഴുത്തുകളുടെ മുകളിലൂടെയോ അതിനോട് ചേർന്നോ വൈദ്യുതി കമ്പികൾ കടന്നുപോകുന്നത് വൈദ്യുതാഘാതം, തീപ്പിടുത്തം, മിന്നൽ എന്നിവ ഏൽക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ ഷീറ്റിൽനിന്നും കമ്പിയിലേക്ക് സുരക്ഷിതമായ അകലം ഉണ്ടെന്നും ഇലക്ട്രിക്കൽ സിസ്റ്റം ശരിയായ എർത്തിങ് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഇടിമിന്നൽ സമയത്ത് മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ മേയാ ൻ വിടരുത്. പ്രതിരോധ കുത്തിവയ്‌പ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി എം ഹാരിസ് അറിയിച്ചു.










0 comments