1.5 കോടിയുടെ യൂറോപ്യൻ ഫെലോഷിപ് നേടി ആൻ

തൃശൂർ
യൂറോപ്യൻ യൂണിയന്റെ അഭിമാന സ്കോളർഷിപ്പായ മേരി ക്യൂറി ഫെലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. ഏകദേശം 1.5 കോടി രൂപയാണ് മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണത്തിന് സ്കോളർഷിപ് ലഭിക്കുക. മനുഷ്യ ശരീരത്തിലെ എല്ലിനെ ബാധിക്കുന്ന വാതരോഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ബയോസിറാമിക്കിലാണ് ഗവേഷണം. വിഐടി വെല്ലൂരിൽനിന്നും കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ ചെയ്ത ബയോ സിറാമിക് എന്ന ഗവേഷണത്തിന്റെ തുടർച്ചയാണിത്. ആഗോളതലത്തിൽ 32 വിദ്യാർഥികളിൽ നിന്ന് പല ഘട്ടങ്ങളായി നടത്തിയ വിലയിരുത്തലുകളും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് ആനിനെ തെരഞ്ഞെടുത്തത്. യൂറോപ്യൻ യൂണിയൻ ‘റിനോവേറ്റ്' എന്ന് പേരിട്ട ഈ പ്രോജക്ടിലെ മുഖ്യ ഗവേഷകയാണ് ആൻ. ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണത്തിന്റെ ആദ്യഘട്ടം. തുടർന്ന് ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും ഗവേഷണം നടത്തണം. ഷാർജ ഇന്ത്യൻ സ്കൂളിൽനിന്നും ഉയർന്ന മാർക്കോടെ പ്ലസ്ടു പാസായ ആൻ, ഡൽഹി യൂണിവേഴ്സിറ്റിയിലെ വെങ്കിടേശ്വര കോളേജിൽനിന്നാണ് കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടിയത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ കോർഡിനേഷൻ കെമിസ്ട്രി റിവ്യൂ എന്ന ഗവേഷണ മാസികയിൽ പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പറിന് 20.3 എന്ന മികച്ച ഇംപാക്ട് ഫാക്ടർ ലഭിച്ചു. വിഐടി വെല്ലൂരിൽനിന്ന് ആറാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. ഷാർജയിൽ എൻജിനിയറായ തൃശൂർ നെല്ലങ്കര പനക്കൽ സണ്ണിയുടെയും അഡ്വ. ലിൻഡയുടെയും മകളാണ്. അബിൻ, ഓസ്റ്റിൻ, അലൻ എന്നിവർ സഹോദരങ്ങളാണ്.










0 comments