വ്യവഹാര ചരിത്രത്തോടൊപ്പം നടന്ന് മാധവേട്ടന്‍

ചേലക്കര
ഐപിസി മാറി ബിഎന്‍എസ് വന്നാലും മാധവേട്ടന്‍ മാറില്ല. വടക്കാഞ്ചേരിയുടെ കോടതി വ്യവഹാര ചരിത്രത്തിൽ ഏഴു പതിറ്റാണ്ടിലേറെക്കാലത്തെ മാറ്റങ്ങള്‍ക്ക് സാക്ഷിയുമാണ് ചിറ്റണ്ട കുങ്കുമത്ത് മാധവന്‍കുട്ടിനായര്‍. 84–-ാം വയസ്സിലും കര്‍മനിരതനായ , ജൂനിയര്‍ അഭിഭാഷകര്‍ക്ക് ലോ പോയിന്റ് കൃത്യമായി പറഞ്ഞു നല്‍കുന്ന ഗുമസ്തന്‍. വിമോചനസമരകാലത്ത് അന്നത്തെ പ്രമുഖ ഗുമസ്തനായ ഗോവിന്ദന്‍കുട്ടി നായരുടെ അസിസ്റ്റന്റായാണ് കടന്നുവന്നത്. പിന്നെ കുമരനെല്ലൂരിലെ വര്‍ഗീസ് വക്കീലിന്റെ ഗുമസ്തനായി. അക്കാലത്ത് ഫോട്ടോസ്റ്റാറ്റ് ഇല്ലാത്തതിനാല്‍ ഗുമസ്തന്‍മാര്‍ക്ക് പിടിപ്പത് ജോലിയുണ്ടായിരുന്നു. അന്യായമുള്‍പ്പെടെ എല്ലാം എഴുതി തയ്യാറാക്കണം. അന്നത്തെ കൂലി ഒന്നരഅണയും രണ്ടണയുമൊക്കെയാണ്. കാര്‍ബണ്‍ കോപ്പി ഉപയോഗിച്ചുപോലും പകര്‍പ്പുകള്‍ തയ്യാറാക്കാന്‍ പാടില്ലായിരുന്നു. എല്ലാം കയ്യെഴുത്തുപ്രതികളാക്കി രേഖകളാക്കി മാറ്റണം. ഭൂരിഭാഗം വക്കീലന്മാരുടെയും ഓഫീസ് വടക്കാഞ്ചേരിക്കടുത്തുള്ള വീടുകള്‍ തന്നെയായിരുന്നു. സൈക്കിളില്‍ കോടതിയിലെത്തിയ വക്കീലും ആള്‍ വലിയ്ക്കുന്ന റിക്ഷയില്‍ കോടതിയിലെത്തിയിരുന്ന ഇട്ടൂപ്പ് വക്കീലുമൊക്കെ ചരിത്രത്തില്‍ മറഞ്ഞു. ആദ്യ കാലത്ത് സെക്കന്‍ഡ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു വടക്കാഞ്ചേരിയിൽ. മുന്‍സിഫ് കോടതിയും പ്രവര്‍ത്തിച്ചിരുന്നു. അതേ കെട്ടിടത്തില്‍ത്തന്നെയാണ് ഇന്നും കോടതി പ്രവര്‍ത്തിക്കുന്നത്. ഐപ് പാറമേല്‍ വക്കീല്‍, മാടമ്പ് നാരായണന്‍, മാണി വക്കീല്‍, കെ പി മുരളീധരന്‍ തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. നിരവധി അഭിഭാഷകരുടെ വ്യവഹാര ചരിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാള്‍. കോണ്‍ഗ്രസുകാരനായിരുന്ന അഡ്വ. കെ എന്‍ മേനോന്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ കൊടക്കാടത്ത് ബാലകൃഷ്ണമേനോന്‍, കോളങ്ങാട്ട് നാരായണ മേനോന്‍, ചേറുവക്കീല്‍ തുടങ്ങിയവരുടെ കാലത്തെ വ്യവഹാര പ്രവര്‍ത്തനങ്ങള്‍ക്ക് മാധവേട്ടന്‍ നേരിട്ട് സാക്ഷിയാണ്. പാട്ടബാക്കി കേസുകളും വിള ജപ്തിയും പ്രധാനമായിരുന്ന കാലത്തുനിന്ന് ഭൂപരിഷ്‌കരണത്തിന് ശേഷമുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ കേസുകളിലേക്കും പിന്നീട് ഇഞ്ചങ്ഷന്‍ വ്യവഹാരങ്ങളിലേക്കുമുള്ള മാറ്റവും അദ്ദേഹം കണ്ടറിഞ്ഞു. ജന്മിപക്ഷത്തിന്റെയും കുടിയാന്‍ പക്ഷത്തിന്റെയും കേസുകള്‍ ശക്തമായി നടന്നിരുന്ന കാലംകൂടിയായിരുന്നു അന്ന്. ഇ എം എസ് ഭരണം വന്നതിനുശേഷമാണ് ഇഞ്ചങ്‌ഷന്‍ സ്യൂട്ടുകള്‍ക്ക് തുടക്കമിട്ടതെന്ന് മാധവന്‍കുട്ടി നായര്‍ പറയുന്നു. കവിയറ്റ് പോലുള്ളവ ആരംഭിച്ചത് അതിനൊക്കെ വളരെ ശേഷമാണ്. പഴയകാലത്തെ അഭിഭാഷകരുടെയും ഗുമസ്തന്മാരുടെയും പ്രവര്‍ത്തനരീതികള്‍ മുതല്‍ കോടതിവ്യവഹാരങ്ങളിലെ മാറ്റങ്ങള്‍ വരെ അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇന്നും സജീവമാണ്. 1930കളില്‍ വടക്കാഞ്ചേരിയില്‍ പ്രമാണങ്ങള്‍ തയ്യാറാക്കിയിരുന്ന പഞ്ചനാഥ അയ്യര്‍ മുതല്‍ ഇന്നത്തെ പുതുതലമുറ അഭിഭാഷകര്‍ വരെയുള്ള ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് മാധവേട്ടനിലൂടെ തെളിയുന്നത്. ഇപ്പോഴും പുതിയ തലമുറയ്‌ക്കൊപ്പം സജീവമായി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു. നിലവിൽ വടക്കാഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനായ ടി എ നജീബിന്റെ ഗുമസ്തനാണ്.









0 comments