Deshabhimani

മലനിരകൾ കാവൽ നിൽക്കുന്ന 
പൊൻവയൽ

പുളിയറയിലെ നെൽപ്പാടം
avatar
ജി കൃഷ്ണപ്രസാദ്

Published on Sep 30, 2026, 01:11 AM | 1 min read

കുന്നിക്കോട്

പശ്ചിമഘട്ട മലനിരകൾക്കുതാഴെ പരന്നുകിടക്കുന്ന നെൽപ്പാടം. കാറ്റിൽ ഇളകുന്ന നെൽക്കതിരുകൾക്കു പിന്നിൽ മലനിരകൾ... ജില്ലയുടെ അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ പുളിയറയുടെ കാർഷികജീവിതത്തിന്റെ മനോഹര ചിത്രമാണിത്. തെങ്കാശി ജില്ലയിലെ ചെങ്കോട്ട മേഖലയിലെ പ്രധാന നെൽക്കൃഷി പ്രദേശങ്ങളിലൊന്നാണ് പുളിയറ. ഇവിടുത്തെ കൃഷിക്ക് കാലാവസ്ഥയ്ക്കും ജലലഭ്യതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ജൂൺ– സെപ്തംബർ, നവംബർ– ഫെബ്രുവരി എന്നീ രണ്ട് ഇടവേള കൃഷിക്കാലങ്ങളാണ് കാലങ്ങളായി ഇവിടുള്ളവർ പിന്തുടരുന്നത്. വെള്ളം കിട്ടുന്ന പ്രദേശങ്ങളിൽ നെല്ലാണ് പ്രധാന വിള. പുളിയറയിൽ നെല്ലിനൊപ്പം തെങ്ങ്‌, മാവ്‌, പേര, നിലക്കടല എന്നിവ പ്രധാന കാർഷികവിളകളാണ്. തമിഴ്നാട്ടിലെ സർക്കാർ കണക്കുകളിൽ ചെങ്കോട്ട താലൂക്കിൽ നെൽക്കൃഷിക്ക് പ്രധാന സ്ഥാനമാണുള്ളത്. കൃഷിയിറക്കുന്നതിനുമുമ്പ് വിത്ത് തെരഞ്ഞെടുക്കുന്നതിലാണ് കർഷകരുടെ പ്രധാന ശ്രദ്ധ. വിത്തുപാകി നഴ്‌സറി തയ്യാറാക്കി, തൈകൾ വളർന്നശേഷം വയലിൽ നടുന്ന രീതിയും ഇവിടെ പ്രചാരത്തിലുണ്ട്. വിത്ത് ശുചീകരണത്തിനും തൈകളുടെ വളർച്ചയ്ക്കുമായി അസോസ്പൈറില്ലം, ഫോസ്ഫോബാക്ടീരിയ തുടങ്ങിയ ജൈവവളങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. കോ51, ആടുതുറൈ 45 (എഡിടി -45), ഐആർ 50, അമ്പൈ16, വെള്ളപൊന്നി എന്നീ ഇനങ്ങളാണ് കൂടുതലും വിതച്ച് വിളവെടുക്കുന്നത്. തെക്കുമേട്, പുതൂർ, കർക്കുടി, ചെങ്കോട്ട മേഖലകളിലും വ്യാ‌പകളായി നെൽക്കൃഷി ചെയ്തുവരുന്നുണ്ട്. പുളിയറയിൽ 700എക്കറാണ് നെൽക്കൃഷിയുടെ വ്യാപ്തി. കേരളത്തിലെ മഴയുടെ തോത് അനുസരിച്ചാണ് ഇവിടുത്തെ കൃഷി സന്പ്രദായം.കഴിഞ്ഞ കാലയളവിൽ മഴ കുറഞ്ഞതോടെ ഏക്കർ കണക്കിന് നെൽവിത്ത് വെള്ളമില്ലാതെ നശിച്ചുപോയിരുന്നതായി ഗ്രാമീണർ പറയുന്നു. വിത്ത് പാകുന്നതുമുതൽ ഞാറുനടീൽ, കളപറിക്കൽ, വളപ്രയോഗം, വെള്ളം നിയന്ത്രിക്കൽ, ഒടുവിൽ കൊയ്ത്ത് വരെയുള്ള ഓരോ ഘട്ടത്തിലും പ്രകൃതിയുമായി നടത്തുന്ന പോരാട്ടമാണ് ഇവിടുത്തെ കർഷകരും കൃഷി ഉദ്യോഗസ്ഥരും നേരിടുന്നത്. ഇന്ന് പുളിയറയിലെ നെൽപ്പാടങ്ങൾ കൊയ്ത്തിനായി കാത്തുനിൽക്കുമ്പോൾ കർഷകന്റെ കണ്ണിൽ കാണുന്നത് വിള മാത്രമല്ല ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home