Deshabhimani

കാലവർഷം വിടവാങ്ങുന്നു

മഴക്കുറവ്‌ 37ശതമാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Sep 30, 2026, 01:19 AM | 1 min read

കൊല്ലം

കാലവർഷ കലണ്ടർ ബുധനാഴ്‌ച അവസാനിക്കുന്നതോടെ ജില്ലയിൽ ദുർബലമായ മഴമാത്രം സമ്മാനിച്ച്‌ തെക്കുപടിഞ്ഞാറൻ കാലവർഷം വിടവാങ്ങുന്നു. ജൂൺ ഒന്നുമുതൽ സെപ്തംബർ 30വരെ നീളുന്ന 122ദിവസം ഇടമുറിയാതെ പെയ്യേണ്ടതാണ്‌ കാലവർഷം. ശരാശരി 1235.3 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്യേണ്ടത്. എന്നാൽ, ലഭിച്ചത്‌ 775.9മില്ലിമീറ്റർ മാത്രം. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക്‌ അനുസരിച്ച്‌ 37ശതമാനം മഴ കുറഞ്ഞു. കാലവർഷം ചുവട്‌ പിഴച്ചതോടെ കണക്ക്‌ താളംതെറ്റിയ കർഷകർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്‌ ഒക്ടോബർ മുതൽ നവംബർ വരെയുള്ള തുലാവർഷത്തിലാണ്‌. സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ മഴ അളവ്‌ രേഖപ്പെടുത്തിയ മൂന്നാമത്തെ ജില്ലയാണ്‌ കൊല്ലം. വയനാട്ടിലാണ്‌ ഏറ്റവും വലിയ മഴക്കുറവ്‌– 53ശതമാനം. തൊട്ടുപിന്നിൽ ഇടുക്കിയാണ്‌– 46ശതമാനം. ഇതോടെ വരൾച്ചയുടെ കരിനിഴലിലായിരിക്കുകയാണ് കൊല്ലം. ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്‌ച പലയിടത്തും ഇടയ്‌ക്കിടെ മഴ ശക്തിപ്പെട്ടെങ്കിലും പ്രതീക്ഷിച്ച അളവിൽ ലഭിച്ചില്ല. കഴിഞ്ഞ വർഷം കാലവർഷത്തിൽ ശരാശരിക്കടുത്ത് ജില്ലയിൽ മഴ ലഭിച്ചിരുന്നു. 1257.6 മില്ലിമീറ്റർ പെയ്യേണ്ടിടത്ത്‌ 1152.6 മില്ലിമീറ്റർ ലഭിച്ചു. എട്ടുശതമാനം മാത്രമായിരുന്നു കുറവ്‌. നിലവിൽ മഴ കുറഞ്ഞതോടെ കാർഷിക മേഖലയും കല്ലട പരപ്പാർ ഡാമിലെ ജലവൈദ്യുതി ഉൽപ്പാദന മേഖലയും പ്രതിസന്ധിയിലാണ്. തുലാവർഷവും ചതിച്ചാൽ വേനലിനു സമാനമായ രീതിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ്‌ ജില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home