ഇഡി അന്വേഷണ ഏജൻസിയല്ല
print edition ഇഡിയുടെ കത്ത്; എഫ്ഐആർ ഇടാനാകില്ലെന്ന് സംസ്ഥാന സർക്കാർ

സ്വന്തം ലേഖിക
Published on Sep 30, 2026, 02:00 AM | 1 min read
കൊച്ചി : സിഎംആർഎൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഇഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ ഇടാനാകില്ലെന്ന് സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ഒരു ഡയറിയിൽ പേരുണ്ടെന്നതിന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും പ്രാഥമികാന്വേഷണം നടത്തണമെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജു ബാബു വാദിച്ചു.
റിപ്പോർട്ടിൽ മതിയായ വസ്-തുതയില്ലാത്തതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. സ്വകാര്യവ്യക്തി നൽകിയ ഹർജി നിലനിൽക്കില്ലെന്നും അറിയിച്ചു. ഇഡി റിപ്പോർട്ടിൽ വിജിലൻസ് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ ഹർജി വിധി പറയാൻ മാറ്റി. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ ഹാജരാക്കി.
റിപ്പോർട്ട് പരിശോധിച്ച കോടതി, ഡയറി മാത്രമാണോ തെളിവായുള്ളതെന്ന് ചോദിച്ചു. മൊഴികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഡിജിപിക്ക് കൈമാറിയിട്ടില്ലല്ലോ എന്നും ആരാഞ്ഞു. എഫ്ഐആർ ഇടാൻ വെെകുന്നതിനെതിരെ കെ എം ഷാജഹാൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
പിഎംഎൽഎ വകുപ്പുപ്രകാരമുള്ള റിപ്പോർട്ടിൽ എഫ്ഐആർ ഇടാമെന്ന നിലപാട് ഇഡിയും പരാതിക്കാരനും ആവർത്തിച്ചു. പ്രാഥമികാന്വേഷണം വേണമെന്ന് എജി വാദിച്ചു. മൂന്ന് ജഡ്ജിമാർക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് കോടതിയലക്ഷ്യത്തിന് ഹെെക്കോടതി ശിക്ഷിച്ച വ്യക്തിയാണ് ഹർജിക്കാരൻ. അന്ന് മാപ്പുപറഞ്ഞ് ശിക്ഷയിൽനിന്ന് ഒഴിവായ വ്യക്തി തിടുക്കത്തിൽ കോടതിയെ സമീപിച്ചതിൽ ദുരുദ്ദേശ്യമുണ്ടെന്നും വാദിച്ചു.
വസ്‌തുതയുണ്ടെങ്കിൽ എഫ്ഐആർ, അല്ലെങ്കിൽ പ്രാഥമികാന്വേഷണം എന്നാണ് ലളിതകുമാരി കേസിലടക്കം സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസിന്റെ സാഹചര്യവും സ്വഭാവവും വസ്‌തുതകളും അനുസരിച്ചാണ് ഇത് തീരുമാനിക്കുകയെന്നും വ്യക്തമാക്കി.








0 comments