print edition ദുർഭരണം മടുത്ത് ജനങ്ങൾ; യുഡിഎഫിന് കനത്തപ്രഹരം


സി കെ ദിനേശ്
Published on Sep 30, 2026, 02:05 AM | 1 min read
തിരുവനന്തപുരം : കേരളത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജനം യുഡിഎഫിന് നൽകിയത് ശക്തമായ താക്കീത്. നാലുമാസമായപ്പോൾത്തന്നെ യുഡിഎഫ് ഭരണത്തിലെ ദുരനുഭവങ്ങളോടുള്ള നാടിന്റെ പ്രതികരണം വ്യക്തം. സിപിഐ എമ്മും ഇടതുപക്ഷവും ഒലിച്ചുപോയെന്ന് ദിവാസ്വപ്‌നം കാണുന്നവർക്കുള്ള മറുപടി കൂടിയാണിത്.
38 വാർഡിലായി എൽഡിഎഫിന് 12291 വോട്ടിന്റെ ലീഡ് നേടാനായി. 2025ൽ ഇതേയിടത്ത് 3346 വോട്ടിന്റെ ലീഡ് യുഡിഎഫിനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മേൽക്കൈ. രാഷ്‌ട്രീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ ഫലം വ്യക്തമാക്കുന്നത് എൽഡിഎഫ് തരംഗം. ചിലയിടങ്ങളിൽ യുഡിഎഫ് കോട്ടകൾ കടപുഴകി.
കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷൻ ഇതിനുദാഹരണം. 4000 വോട്ടാണ് ഇവിടെ യുഡിഎഫിന് കുറഞ്ഞത്.
പാലക്കാട് പല്ലശ്ശനയിൽ 2025ൽ കിട്ടയതിനേക്കാൾ ആറായിരത്തിലധികം വോട്ട് യുഡിഎഫിന് നഷ്‌ടമായി. തിരുവനന്തപുരം കല്ലറ ഡിവിഷനിൽ ജയിക്കാനായെങ്കിലും മൂവായിരത്തിലധികം വോട്ട് യുഡിഎഫിന് കുറഞ്ഞു. ഇവിടെ ബിജെപിക്ക് കുറഞ്ഞ അയ്യായിരത്തോളം വോട്ടിന്റെ ബലത്തിലാണ് യുഡിഎഫ് കടന്നത്. ചിറയിൻകീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തത് നാന്നൂറിലധികം വോട്ട് ലീഡ് നേടിയാണ്.
യുഡിഎഫ് വിജയിച്ച കൊച്ചി അയ്യപ്പൻകാവ്, മാനന്തവാടി പള്ളിക്കൽ, കോഴിക്കോട് കുറ്റിച്ചിറ, തിരുപുറം പഴയകട തുടങ്ങിയിടങ്ങളിലെല്ലാം വോട്ട് കുറഞ്ഞു. പത്തുവർഷം കാണാത്ത പവർ കട്ട്, അഴിമതിക്കുള്ള കോപ്പുകൂട്ടൽ, സ്‌പോൺസേഡ് യാത്ര, ബന്ധു–കൈക്കൂലി നിയമനങ്ങൾ, മാധ്യമങ്ങളെ വേട്ടയാടൽ, റേഷൻ വെട്ടിക്കുറയ്‌ക്കൽ, പെൻഷൻ ആശങ്ക തുടങ്ങിയ ദുരനുഭവങ്ങളോടുള്ള മറുപടികൂടിയാണ് ജനം നൽകിയത്.
വാർഡുകളിലെ വിജയം ഇങ്ങിനെ
ജില്ലാ പഞ്ചായത്ത്
ആകെ 3: എൽഡിഎഫ് – 2, യുഡിഎഫ് – 1.
ബ്ലോക്ക് പഞ്ചായത്ത്
ആകെ 7: എൽഡഎഫ് – 5, യുഡിഎഫ് – 2.
ഗ്രാമ പഞ്ചായത്ത്
ആകെ 23: എൽഡിഎഫ് – 09, യുഡിഎഫ് – 13, ട്വന്റി ട്വന്റി – 1.
മുനിസിപ്പാലിറ്റി
ആകെ 3: എൽഡിഎഫ് – 2, യുഡിഎഫ് – 1.
കോർപറേഷൻ
ആകെ 2: യുഡിഎഫ് – 2








0 comments