ഇരുമ്പിൽ നിവാസികൾ ദുരിതത്തിൽ
പാതിവഴിയിൽ കന്നിപ്പുറം പാലം

നിർമാണം നിലച്ച ഇരുമ്പിൽ -കന്നിപ്പുറം പാലം

സ്വന്തം ലേഖകൻ
Published on Sep 30, 2026, 02:06 AM | 1 min read
നെയ്യാറ്റിൻകര
അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിൽ എൽഡിഎഫ് സർക്കാർ അനുവദിച്ച് നിർമാണം ആരംഭിച്ച കന്നിപ്പുറം പാലത്തിന്റെ പണി പൂർത്തിയാക്കാതെ അവഗണിക്കുന്നതായി പരാതി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കിഫ്ബി ഫണ്ടുകൾ തടഞ്ഞുവയ്ക്കാനും പദ്ധതികളെ അനിശ്ചിതത്വത്തിലാക്കാനും നടത്തുന്ന ബോധപൂർവമായ നീക്കമാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇരുമ്പിൽ പ്രദേശത്തെ നെയ്യാറ്റിൻകര ടൗണുമായി ബന്ധിപ്പിക്കുന്ന കന്നിപ്പുറം പാലത്തിന് കല്ലിട്ടത്. പാലത്തിനും അപ്രോച്ച് റോഡിനുമായി 9.89 കോടി രൂപയും സ്ഥലമേറ്റെടുക്കാൻ 5.28 കോടി രൂപയുമടക്കം 15.17 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. നിർമാണച്ചുമതല കെആർഎഫ്ബിക്കായിരുന്നു. നെയ്യാറ്റിൻകര കോടതി റോഡിൽനിന്ന് ആരംഭിച്ച് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിലിലെത്തുന്ന പാലത്തിനുവേണ്ടി നെയ്യാറിൽ കോൺക്രീറ്റ് തൂണുകളും അപ്രോച്ച് റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ കോൺക്രീറ്റും എൽഡിഎഫ് ഭരണകാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, പുതിയ സർക്കാർ വന്നതോടെ കിഫ്ബി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന പ്രചാരണവും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും കാരണം കരാറുകാരൻ പണിയിൽനിന്ന് പിന്മാറി. കോടതിസമുച്ചയത്തിന്റെ സ്ഥലം ഉൾപ്പെടെ ഏറ്റെടുത്ത് പുതിയ മതിൽ നിർമിച്ചുനൽകണമെന്ന നിർദേശം നിലനിൽക്കെ, അതിനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കടവുവരെയുള്ള 300 മീറ്ററോളം സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്ത് കല്ലിടുകയും ചില കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്തെങ്കിലും ഭൂമിയേറ്റെടുക്കാൻ അധികൃതർ താൽപ്പര്യം കാണിക്കുന്നില്ല. പാലം പണി തുടങ്ങിയതോടെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന കടത്തുതോണിയും നിലച്ചു. പാലക്കടവുവഴി റെയിൽവേ ക്രോസ് ചുറ്റി മൂന്നു കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇരുമ്പിൽ, തവരവിള നിവാസികളും സ്കൂൾ കുട്ടികളും ടൗണിൽ എത്തുന്നത്.








0 comments