15 ദിവസം 180½ മണിക്കൂർ കറണ്ടില്ല

കെ എ നിധിൻ നാഥ്
Published on Sep 16, 2026, 12:19 AM | 1 min read
തൃശൂർ
നഗരത്തിൽ കോർപറേഷൻ നേരിട്ട് വൈദ്യുതി വിതരണം നടത്തുന്ന ഇടങ്ങളിൽ അറ്റകുറ്റപ്പണിയുടെ പേരിൽ വ്യാപക വൈദ്യുതി നിയന്ത്രണം. സെപ്‌തംബർ ഒന്നുമുതൽ 15വരെ 180 മണിക്കൂർ 30 മിനിറ്റാണ് വിവിധ പ്രവർത്തനങ്ങളുടെ മറവിൽ നഗരത്തിൽ വൈദ്യുതി നിയന്ത്രണമുണ്ടായത്. എബിസി കേബിൾ ഇടൽ, കേബിൾ അഴിക്കൽ, മറ്റു അറ്റകുറ്റപ്പണികൾ എന്നിവയുടെ പേരിലാണ് പകൽ മുഴുവൻ വൈദ്യുതി നിയന്ത്രിക്കുന്നത്. തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗം നേരിട്ട് വൈദ്യുതി വിതരണം ചെയ്യുന്ന പഴയ മുനിസിപ്പിൽ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ 43,000 ഉപഭോക്താക്കളാണ് അശാസ്‌ത്രീയ നടപടികളിൽ ദുരിതം അനുഭവിക്കുന്നത്. പൂങ്കുന്നം, പടിഞ്ഞാറേക്കോട്ട, പാട്ടുരായയ്‌ക്കൽ, ചെന്പുക്കാവ്, സ്വരാജ് റൗണ്ട്, ശക്തൻ നഗർ, പറവട്ടാനി, അരണാട്ടുകര, കിഴക്കേക്കോട്ട തുടങ്ങിയ മേഖലകളിലായി 18 ഫീഡറുകളാണുള്ളത്. ഇതിൽ ജനറൽ ആശുപത്രി, ജൂബലി മിഷൻ ആശുപത്രി എന്നിവടങ്ങളിലൊഴികെ ബാക്കി 16 ഇടങ്ങളിലും അറ്റകുറ്റപ്പണിയുടെ പേരിൽ വ്യാപക നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. 15 ദിവസത്തിനിടെ 13 ദിവസവും നഗരത്തിലെ വിവിധ ഇടങ്ങളിൽ രാവിലെ ഒന്പതുമുതൽ ആറുവരെ നിയന്ത്രണമുണ്ടായി. കൂർക്കഞ്ചേരി ഫീഡറിന് കീഴിലുള്ള പ്രദേശങ്ങളിൽ അഞ്ചുദിവസവും വൈദ്യുതി വിഭാഗം നിയന്ത്രണം ഏർപ്പെടുത്തി. വഞ്ചിക്കുളം, കേരളവർമ ഫീഡറുകളിൽ മൂന്നുദിവസവും പകൽ വൈദ്യുതി നിയന്ത്രണം ഉണ്ടായി. പകൽ സമയങ്ങളിലെ ഇൗ നിയന്ത്രണത്തിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ ലോഡ് കുറഞ്ഞു. കോർപറേഷൻ നടത്തുന്ന അറ്റകുറ്റപ്പണികളുടെ മറവിലുള്ള പകൽ മുഴുവൻ നീളുന്ന വൈദ്യുതി നിയന്ത്രണം പ്രഖ്യാപിത ലോഡ് ഷെഡിങ് ഒഴിവാക്കാൻ സഹായിച്ചത്. എന്നാൽ, കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പകൽ മുഴുവൻ വൈദ്യുതിയില്ലാതെ നഗര ജനതയെ ദ്രോഹിക്കുകയാണ് യഥാർഥ്യത്തിൽ കോർപറേഷനിലെ കോൺഗ്രസ് ഭരണസമിതി ചെയ്യുന്നത്. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള നഗരത്തിൽ പകൽ സമയം മുഴുവൻ നീളുന്ന വൈദ്യുതി നിയന്ത്രണം ഇവരെയും വലിയ തോതിൽ വലയ്ക്കുകയാണ്.









0 comments