ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പഠനം
ജീവിതശൈലീ രോഗങ്ങളിൽ സ്ത്രീകൾ മുന്നിൽ

ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ "ജീവിത സായാഹ്നത്തിലെ നേർകാഴ്ചകൾ' പഠന റിപ്പോർട്ട് വകുപ്പ് ജോയിന്റ് ഡയറക്ടർ എസ് ഗോപകുമാർ പ്രകാശിപ്പിക്കുന്നു
തൃശൂർ
സ്ത്രീകളിൽ ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ജില്ലയിലെ മുതിർന്ന പൗരരുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ‘ജീവിത സായാഹ്നത്തിലെ നേർക്കാഴ്ചകൾ' എന്ന പഠനത്തിലാണിത്. ക്രമമായ വ്യായാമത്തിന്റെ അപര്യാപ്തതയാണ് ഇതിന് പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. മുതിർന്ന പൗരരിൽ 70 ശതമാനം പേർ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരാണ്. ഇതിൽ 72% സ്ത്രീകളും 68 % പുരുഷന്മാരുമാണ്. സ്ത്രീകളിൽ രക്തസമ്മർദം (58%), പ്രമേഹം (42%), കൊളസ്ട്രോൾ (41%) എന്നിങ്ങനെ രോഗനിരക്കുകൾ ഉയർന്നതാണ്. 55% മുതിർന്ന പൗരന്മാരും ക്രമമായ വ്യായാമം ചെയ്യുന്നില്ല. ഇതിൽ 64 % സ്ത്രീകളും 43% പുരുഷന്മാരുമാണ്. ജില്ലയിലെ ആകെ ജനസംഖ്യയിൽ 22.2 % മുതിർന്ന പൗരന്മാരാണ്. സന്ധിവേദനയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. (40%). 26% പേർക്ക് ഹൃദ്രോഗം, മസ്തിഷ്ക–-കരൾ–-വൃക്ക രോഗങ്ങൾ, തൈറോയ്ഡ്, ക്യാൻസർ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുണ്ടെന്നും കണ്ടെത്തി. പഠനത്തിൽ പങ്കെടുത്തവരിൽ 66% പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ല (സ്ത്രീകൾ 68%, പുരുഷന്മാർ 64%). 45% പേർ സാമൂഹിക സുരക്ഷാ/ക്ഷേമ പെൻഷനെയും 18% പേർ സർവീസ് പെൻഷനെയും പ്രധാന വരുമാന സ്രോതസ്സായി ആശ്രയിക്കുന്നു. ക്ഷേമ പെൻഷൻ ആശ്രയിക്കുന്നവരിൽ 47% സ്ത്രീകളാണ്. 24% പേർ ഏകാന്തത അനുഭവിക്കുന്നവരാണ്. ഇതിൽ 5% പേർ പൂർണമായും ഏകാന്തത നേരിടുന്നു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, ക്രമമായ വ്യായാമം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, സാമ്പത്തിക സുരക്ഷ, കുടുംബ-സാമൂഹിക പിന്തുണ എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യവും വർധിച്ചുവരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.









0 comments