print edition കാലടി സമരം: സസ്പെൻഷനും മാപ്പപേക്ഷയും അരിശംതീർക്കലും

കൊച്ചി: മാപ്പപേക്ഷ നൽകിയാൽ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനത്തെ ‘ഇനിയെന്ത് മാപ്പ്’ എന്ന ചോദ്യംകൊണ്ട് പ്രതിരോധിച്ചത് ഹെെക്കോടതിയാണ്. വിദ്യാർഥികളോട് ഒടുങ്ങാത്ത പകയോടെ നിലപാടെടുക്കുന്ന സർവകലാശാലയെ ‘അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടിനടന്നു' എന്ന കുഞ്ചൻനമ്പ്യാരുടെ വരികൾ ഉദ്ധരിച്ച് പരിഹസിക്കുകയും ചെയ്‌തു. ഇത്രയും ശിക്ഷിച്ചത് പോരേയെന്നും അവർ വിദ്യാർഥികളാണെന്നത് മറക്കരുതെന്നും ഓർമിപ്പിച്ചു.
കള്ളപ്പരാതിയിൽ കേസെടുപ്പിച്ച് സസ്പെൻഡ് ചെയ്‌തതോടെയാണ് 16 വിദ്യാർഥികൾ ഹെെക്കോടതിയെ സമീപിച്ചത്. സസ്പെൻഷൻ പിൻവലിക്കണമന്നും സെമസ്റ്റർ പരീക്ഷകൾ എഴുതാൻ അനുവദിക്കണമെന്നും ഫീസ് അടയ്‌ക്കാനുള്ള പോർട്ടൽ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഒക്ടോബർ 30ന് പരീക്ഷയെഴുതാൻ അനുമതി നൽകിയ കോടതി, പോർട്ടൽ തുറന്നുകൊടുക്കാനും നിർദേശിച്ചു. എന്നാൽ, അപ്പീലിലൂടെ സർവകലാശാല ഇൗ ഉത്തരവ് റദ്ദ് ചെയ്യിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ വിദ്യാർഥിതാൽപ്പര്യം ഹനിക്കാതെ ഹർജി വീണ്ടും സിംഗിൾബെഞ്ച് തന്നെ പരിഗണിക്കാൻ ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ‘പരീക്ഷയെഴുതാൻ ഹാജരില്ല’ എന്ന വാദമെല്ലാം കെട്ടുപോയതോടെ അനുകൂലവിധി വന്നാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന ഉപാധിരഹിത ഉറപ്പുനൽകിയാണ് സർവകലാശാല സുപ്രീംകോടതിയിൽനിന്ന് മടങ്ങിയത്.
ഹർജി വീണ്ടും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ മുന്പിൽ എത്തുന്പോൾ സസ്പെൻഷൻ 72 ദിവസവും വിദ്യാർഥികളുടെ നിരാഹാരം 10 ദിവസവും പിന്നിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ‘കുട്ടികളല്ലേ, സസ്പെൻഷൻ പിൻവലിച്ചുകൂടേ’ എന്ന് കോടതി ചോദിച്ചത്. എന്നാൽ, മാപ്പുപറഞ്ഞാൽ 12 പേരെ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസംകൂടി നീട്ടിയെന്നും കാണിച്ച് അന്വേഷണസമിതിയുടെ റിപ്പോർട്ടുമായി സർവകലാശാല എതിർസത്യവാങ്മൂലം നൽകി. അതിനോടാണ് ‘ഇനിയെന്ത് മാപ്പെന്നും അരിശം തീരുന്നില്ലേ’ എന്നും കോടതിക്ക് ചോദിക്കേണ്ടിവന്നത്.
വിദ്യാർഥികളോട് വൈരാഗ്യബുദ്ധി പാടില്ല
അക്കാദമിക് പ്രശ്‌നമുയർത്തി സമരംചെയ്യുന്ന വിദ്യാർഥികളോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുകയല്ല വേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടേത് വിദ്യാർഥിവിരുദ്ധ സമീപനമാണ്. മുഖ്യമന്ത്രിയും അതിനെ പിന്തുണച്ചു. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന സമീപനത്തിനെതിരെയാണ് കോടതിവിധി.
കാലടി സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ എവിടെയൊക്കെ ചുമതലയിലുണ്ടായിരുന്നോ അവിടൊക്കെ വിദ്യാർഥികളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഐഐഎസ്‌ടിയിൽ ഓംബുഡ്‌സ്‌മാനായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ ഇവർ പ്രശ്‌നങ്ങളുണ്ടാക്കിയതായി വാർത്തകൾ വരുന്നു. ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം ചേർന്നായിരുന്നു നീക്കം. അതിന്റെ തുടർച്ചയായ നിലപാടുകളാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
സിസ തോമസിന് അധ്യാപികയായി തുടരാനും യോഗ്യതയില്ല
കാലടി സർവകലാശാല വിസി സിസ തോമസിന് അധ്യാപികയായിപോലും തുടരാൻ യോഗ്യതയില്ലെന്ന് ആധികാരികമായി തെളിഞ്ഞതായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വിസിക്ക് മാത്രമല്ല, മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും സർക്കാരിനും കിട്ടിയ അടിയാണ് ഹൈക്കോടതി വിധി.
ഒരു കാരണവുമില്ലാതെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തിട്ട്, സംഘപരിവാറിനുവേണ്ടി നിലപാട് സ്വീകരിച്ചവരാണ് മുഖ്യമന്ത്രിയും മന്ത്രിയും. സ്വന്തം മണ്ഡലത്തിലായിട്ടും ഇടപെടാൻപോലും ഉന്നതവിദ്യാഭ്യാസമന്ത്രി തയ്യാറായില്ല. സിൻഡിക്കറ്റിൽ കയറി വിസിയെയും മറ്റ് അംഗങ്ങളെയുമെല്ലാം വിദ്യാർഥികൾ ആക്രമിച്ചുവെന്നൊക്കെ മുഖ്യമന്ത്രി കള്ളം പറഞ്ഞത് ആരെ സംരക്ഷിക്കാനാണെന്നും രാജീവ് മാധ്യമങ്ങളോട് ചോദിച്ചു.
മുഖ്യമന്ത്രിയുടെ പെരുങ്കള്ളവും തകർന്നുവീണു
കാലടി സർവകലാശാലാ വിഷയത്തിൽ മുഖ്യമന്ത്രി ഉയർത്തിക്കൊണ്ടുവന്ന പെരുങ്കള്ളം തകർന്നുവീണതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് പ്രതികരിച്ചു. ആ കള്ളങ്ങൾ പ്രചരിപ്പിച്ചവർക്ക് കിട്ടിയ അടികൂടിയാണ് കോടതിവിധി. കോടതിയിൽ പോകാതെ മാപ്പെഴുതിക്കൊടുത്താൽ പോരേ എന്നു പറഞ്ഞ ‘കുനിഞ്ഞ’ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിന് കോടതിവിധിയിൽ എന്താണ് പറയാനുള്ളത്. മാപ്പെഴുതാതെതന്നെ വിദ്യാർഥികൾ പരീക്ഷയെഴുതും.
അതിന് മന്ത്രിയുടെ ഒൗദാര്യം ആവശ്യമില്ല. കള്ളങ്ങൾക്കുമുകളിൽ കള്ളങ്ങൾ കെട്ടിപ്പൊക്കിയാണ് കാലടിയിലെ വിദ്യാർഥികളെ മുഖ്യമന്ത്രിയും മന്ത്രിയും വിസിയും നേരിട്ടത്. പ്രതികാരമാണ് ഇൗ സർക്കാരിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ പ്രസംഗത്തിൽനിന്ന് വ്യക്തമാവുകയാണ്. അതാണ് വിദ്യാർഥികളോടുമുണ്ടായത്– രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.








0 comments