പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനെ കോൺഗ്രസ് അംഗങ്ങൾ മർദിച്ചു

പുതുപ്പള്ളി പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലടിച്ചു. കൈയേറ്റത്തിൽ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സാബു പുതുപ്പറമ്പിലിന് മർദനമേറ്റു. പ്രസിഡന്റിനെ രണ്ട് അംഗങ്ങൾ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിച്ചെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. തിങ്കളാഴ്‌ച പ്രസിഡന്റിന്റെ കാബിനിലാണ് സംഭവം. 14, 17 വാർഡുകളിലെ പൊതുമരാമത്ത് നടപ്പുവഴികളിൽ അനധികൃതമായി നിർമിച്ച കടമുറികൾക്കും പാർക്കിനും അനുമതി നൽകരുതെന്ന് ഭരണകക്ഷിയിലെ രണ്ട് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. നിങ്ങൾക്ക് ഇതിലെന്താണ് കാര്യമെന്ന് ചോദിച്ച് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ പ്രകോപിതനായെന്നും അസഭ്യം പറഞ്ഞെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം പറയുന്നത്. ഇതിനെ ചോദ്യംചെയ്‌ത രണ്ട് കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റിനെ മർദിക്കുകയായിരുന്നു. മർദന വിവരം പുറത്തുവന്നതോടെ ചാണ്ടി ഉമ്മൻ എംഎൽഎ സ്ഥലത്തെത്തി. ചർച്ചയിൽ വിഷയം പരാതി നൽകാത്തവിധം ഒത്തുതീർത്തു. യുഡിഎഫ് ഭരണസമിതി അധികാരമേറ്റതുമുതൽ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങളാണ് സംഘർഷത്തിന് കാരണം. അനധികൃത നിർമാണങ്ങൾക്ക് അനുമതി നൽകുന്നതിനെതിരെ ഭരണകക്ഷിയിൽതന്നെ എതിർപ്പ് ഉയർന്നിരുന്നു.








0 comments