print edition വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് മാതൃക: എസ്‌എഫ്‌ഐ

ന്യൂഡൽഹി: ആർഎസ്‌എസിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് കാലടി സർവകലാശാല താൽക്കാലിക വിസി കൈകൊണ്ട ജനാധിപത്യവിരുദ്ധ പ്രതികാര നടപടിക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അഭിവാദ്യംചെയ്‌ത് എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി. രാജ്യമുടനീളമുള്ള വിദ്യാർഥി പോരാട്ടങ്ങൾക്ക് മാതൃകയായി കാലടിയിലെ പ്രക്ഷോഭം മാറി. വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി അന്വേഷണ കമീഷൻ റിപ്പോർട്ട് അസാധുവാക്കിയ ഹൈക്കോടതി വിധി അവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിജയം കൂടിയാണ്.
‘നിങ്ങൾ പറയുന്ന കാര്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ടാകാം. എന്നാൽ അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാൻ ഞാൻ മരണം വരെയും പോരാടും’–എന്ന വോൾട്ടയറുടെ പ്രശസ്‌തമായ പ്രസ്‌താവന സർവകലാശാല അധികൃതർക്കുള്ള ഓർമപ്പെടുത്തലായി. സമരം തുടങ്ങി 124 ദിവസവും വിദ്യാർഥികൾ സസ്‌പെൻഡ് ചെയ്യപ്പെട്ട് 84 ദിവസവും നിരാഹാര സമരത്തിന്റെ 22ാം ദിവസവുമാണ് ജയമുണ്ടായത്.'
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാമെന്ന ഹൈക്കോടതി നിർദേശത്തിന് എതിരെ സർവകലാശാല സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നു. സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തെ തനിക്കെതിരായ നീക്കമായി തെറ്റിദ്ധരിപ്പിച്ച് താൽക്കാലിക വിസി സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു. വിദ്യാർഥികളുടെ നാടകത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ വിസിക്ക് പിന്തുണയേകി. മാപ്പ് പറയണമെന്ന മന്ത്രിയുടെ ആവശ്യം തള്ളിയ വിദ്യാർഥികൾ വിജയിച്ചു–എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് പ്രസ്‌താവനയിൽ പറഞ്ഞു.







0 comments