വിളവുണ്ട്, വിലയില്ല

വിളവെടുത്ത കൈതച്ചക്ക
വാഴൂർ മികച്ച വിളവ് ലഭിക്കുമ്പോഴും വില കുത്തനെ ഇടിഞ്ഞതോടെ കൈതച്ചക്ക കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഉൽപാദനം വർധിച്ചിട്ടും കൈതച്ചക്ക വാങ്ങാൻ ആളില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലം ആരംഭിച്ചതോടെ മൊത്തവ്യാപാരികൾ കൈതച്ചക്ക എടുക്കാൻ മടിക്കുന്നതാണ് വിലത്തകർച്ചയ്ക്ക് പ്രധാന കാരണം. ഒരുമാസം മുമ്പുവരെ കിലോഗ്രാമിന് 50രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 25മുതൽ 27രൂപ വരെയാണ് ഇപ്പോൾ. സ്പെഷ്യൽ ഗ്രേഡ് കൈതയുടെ വില 50-ൽനിന്ന് 25രൂപയിലെത്തി. കേരളത്തിൽ ഉൽപാദിപ്പിക്കുന്നവയുടെ ഭൂരിഭാഗവും ഉത്തരേന്ത്യൻ വിപണികളിലേക്കാണ് കയറ്റി അയയ്‌ക്കുന്നത്. ഉൽപാദനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കിലോഗ്രാമിന് 40രൂപയെങ്കിലും കിട്ടിയാലെ നഷ്ടമില്ലാതെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്ന് കർഷകർ പറയുന്നു. വളത്തിന്റെ വിലയും ഇരട്ടിയായി. 1,200 രൂപയായിരുന്ന ഫാക്ടംഫോസിന് 2500 രൂപയായി. പൊട്ടാഷിനും ഇരട്ടിയായി. ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയവർ വലിയ സാമ്പത്തിക ബാധ്യതയിലാണ്. കൃഷിക്ക് അനുകൂലമായ കാലാവസ്ഥയാണെങ്കിലും ചൂട് കടുക്കുന്നത് ഉൽപാദനത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. അർഹമായ വില ലഭിക്കാതെ പോയാൽ വൻകടക്കെണിയിലാകുമെന്ന ഭീതിയിലാണ് അവർ. കേന്ദ്രസർക്കാരിന്റെ പുതിയ എഫ്എഫ്എസ് നിയമം കർഷകരെ സാരമായി ബാധിക്കും. ആവശ്യമായ അളവിലുള്ള വളം ലഭിക്കാൻ തടസമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇതുപ്രകാരം ആപ്പ് ഉപയോഗിച്ചാണ് വളം കൈപ്പറ്റേണ്ടത്. ആപ്പ് ഉപയോഗിക്കാൻ കൃഷിചെയ്യുന്ന ഭൂമിയുടെ സർവേ നമ്പർ ആവശ്യമാണ്. പാട്ടകൃഷി ചെയ്യുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. നിലവിൽ മറ്റുകൃഷികളാണ് ഉൾപ്പെട്ടിട്ടുള്ളത്. കൈതകൃഷിയെ ഉൾപ്പെടുത്തണം. സുഗമമായ വളലഭ്യതയ്ക്ക് കൃഷിവകുപ്പിന്റെയടക്കം ഇടപെടൽ ആവശ്യമാണ്.






0 comments