Deshabhimani

print edition ജനാധിപത്യവിരുദ്ധർക്ക്‌
താക്കീതായ ഇടപെടൽ

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 24, 2026, 01:30 AM | 1 min read

സംസ്ഥാന പൊലീസ്‌ സേനയിൽ ഒരേസമയം അച്ചടക്കവും സംഘടനാപ്രവർത്തന സ്വാതന്ത്ര്യവും നിലനിർത്തുന്ന സംവിധാനം തകർക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെയും നിക്ഷിപ്‌ത താൽപ്പര്യക്കാരുടെയും ശ്രമങ്ങൾക്ക്‌ ശക്തമായ പ്രഹരമാണ്‌ സുപ്രീംകോടതി ഇടപെടൽ. പൊലീസിലെ വ്യത്യസ്‌ത തസ്‌തികകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മൂന്ന്‌ സംഘടനകൾ രണ്ടായി ചുരുക്കിയും നിലവിലുള്ള ഭരണസമിതികൾ പിരിച്ചുവിട്ടും സർക്കാർ ഇറക്കിയ ഉത്തരവ്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ അസാധുവാക്കിയത്‌ ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കിയിരുന്നു. എന്നാൽ, പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനും കേരള പൊലീസ്‌ അസോസിയേഷനും നൽകിയ അപ്പീലിന്മേൽ സുപ്രീംകോടതി, സംസ്ഥാന സർക്കാർ ഉത്തരവ്‌ ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഉത്തരവ്‌ സ്റ്റേ ചെയ്യുകയും ജനാധിപത്യം ഉറപ്പാക്കാൻ മൂന്ന്‌ സംഘടനകളാണ്‌ നല്ലതെന്ന്‌ നിരീക്ഷിക്കുകയും ചെയ്‌തിരിക്കുകയാണ്‌. സംഘടനകളുടെ എണ്ണം രണ്ടായി കുറച്ചാൽ അവ കേവലം സല്യൂട്ട്‌ സംഘടനകളായി മാറുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.


യുഡിഎഫ്‌ സർക്കാർ നിയോഗിച്ച താൽക്കാലിക സമിതി ഇതോടെ അസാധുവാകും. 2025ലെ തെരഞ്ഞെടുപ്പിൽ അവരവരുടെ യൂണിറ്റുകളിൽ ദയനീയമായി പരാജയപ്പെട്ട രണ്ടുപേർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ യുഡിഎഫ്‌ സർക്കാർ ജനാധിപത്യ അട്ടിമറി നടത്തിയത്‌. നിവേദനം നൽകിയവരിൽ ഒരാൾ നിലവിൽ മുഖ്യമന്ത്രിയുടെ ഗൺമാനാണെന്നുകൂടി അറിയുന്പോൾ സർക്കാർ നടപടിക്കുപിന്നിലെ സ്വാർഥതാൽപ്പര്യങ്ങൾ വ്യക്തമാകും. ഭരണം കിട്ടിയെന്ന പേരിൽ സകല മേഖലകളിലും ജനാധിപത്യവിരുദ്ധമായ കൈയേറ്റം നടത്താമെന്നാണ്‌ ഇവരുടെ വ്യാമോഹം. ഉജ്വലവും ത്യാഗപൂർണവുമായ പോരാട്ടങ്ങളിലൂടെയാണ്‌ പൊലീസിൽ സംഘടനാസ്വാതന്ത്ര്യം പൂർവികർ നേടിയെടുത്തതെന്ന്‌ ഇക്കൂട്ടർ ഓർമിക്കുന്നത്‌ നന്നാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home