Deshabhimani

print edition സംഘപരിവാർ ത്രയത്തിന്‌ തിരിച്ചടി

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 24, 2026, 01:30 AM | 2 min read

കാലടി സംസ്‌കൃത സർവകലാശാലയിൽ സമരത്തിലായിരുന്ന വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ക്ലാസിൽ കയറ്റാനും പരീക്ഷ എഴുതിക്കാനുമുള്ള ഹൈക്കോടതി വിധി ഉന്നതവിദ്യാഭ്യാസമേഖലയിൽ സംഘപരിവാർ അജൻഡ നടപ്പാക്കുന്ന ഏകാധിപത്യ നിലപാടുകൾക്കുള്ള തിരിച്ചടിയാണ്‌. വൈസ്‌ ചാൻസലറുടെയും സർവകലാശാലയുടെയും മന്ത്രിയുടെയും എല്ലാ വാദങ്ങളെയും തള്ളുന്ന വിധി, വിദ്യാർഥികൾക്ക്‌ നിഷേധിക്കപ്പെട്ട സ്വാഭാവികനീതി തിരിച്ചുനൽകണമെന്ന്‌ അടിവരയിടുന്നു. വിദ്യാർഥികളെ കേൾക്കാത്ത, ഏകപക്ഷീയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അച്ചടക്കനടപടികൾ നിലനിൽക്കുന്നതല്ലെന്നും ഹെെക്കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. സ്വന്തം വിദ്യാർഥികളുടെ ഭാവി തുലയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നീതിപീഠത്തെ സമീപിച്ച സംഘപരിവാർ നോമിനിയായ താൽക്കാലിക വിസി സിസ തോമസിനുമാത്രമല്ല ഇ‍ൗ വിധി തിരിച്ചടി നൽകുന്നത്‌. അടിസ്ഥാന പഠനസ‍ൗകര്യങ്ങൾക്കായി സമരം ചെയ്യുന്ന സ്വന്തം മണ്ഡലത്തിലെ സ്ഥാപനത്തിലെ വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ്‌ ചെയ്യാൻ വിസിക്ക്‌ വഴികാട്ടിയ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനും അവകാശപ്പെട്ടതാണ്‌ നീതിപീഠത്തിൽനിന്നുള്ള ഇ‍ൗ കനത്തപ്രഹരം.


മെച്ചപ്പെട്ട പഠനസ‍ൗകര്യങ്ങൾ ആവശ്യപ്പെട്ട വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി സസ്‌പെൻഡ്‌ ചെയ്യാനും പരീക്ഷ എഴുതിക്കാതിരിക്കാനും സർവകലാശാല നടത്തിയ കുതന്ത്രങ്ങൾക്കെതിരെ 22 ദിവസമായി നിരാഹാരസമരം ചെയ്യുന്ന വിദ്യാർഥികളുടെ വിജയാഹ്ലാദത്തിൽ കേരളീയ സമൂഹം പങ്കുചേരുന്നതും ഇ‍ൗ വിധിയുടെ സന്ദേശം കൊണ്ടുതന്നെ.


ജൂലൈ 21നാണ്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാലാ ആസ്ഥാനത്ത്‌ അനിശ്ചിതകാല സമരം ആരംഭിച്ചത്‌. ചർച്ചപോലും നടത്താതെ സമരപ്പന്തൽ പൊളിക്കൽ ഉൾപ്പെടെയുള്ള പ്രതികാരനടപടികളാണ്‌ സർവകലാശാല സ്വീകരിച്ചത്‌. തുടർന്നാണ്‌ ആഗസ്‌ത്‌ 13ന്‌ സിൻഡിക്കറ്റ്‌ ചേർന്ന അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിലേക്ക്‌ വിദ്യാർഥിമാർച്ച്‌ നടന്നത്‌. ഇതിന്റെ ഭാഗമായാണ്‌ തിയറ്റർ ഡ്രാമ ലൈറ്റ്‌ കേടായതിനെ സൂചിപ്പിച്ച്‌ ‘ലൈറ്റ്‌ മരിച്ചേ’ എന്ന നാടകം അവതരിപ്പിച്ചതും. വിസി വന്നപ്പോൾ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകമാത്രമാണ്‌ ചെയ്‌തതും. പൊലീസ്‌ ആദ്യം രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ ഇത്‌ കൃത്യമായി പറയുന്നു. എന്നാൽ, 14ന്‌ ലോക്‌ഭവനിൽ ഗവർണർ–വിസി കൂടിക്കാഴ്‌ചയ്‌ക്കുശേഷം കള്ളക്കഥ വന്നു. വിദ്യാർഥികൾ തന്റെ പ്രതീകാത്മക ശവമഞ്ചമൊരുക്കിയെന്ന വിസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 16ന്‌ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. 16 വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌തു. ഗവേഷകരും പിജി വിദ്യാർഥികളും ഉൾപ്പെടെ മികച്ച അക്കാദമിക്‌ പശ്ചാത്തലമുള്ള വിദ്യാർഥികളെയാണ്‌ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്‌. സസ്‌പെൻഷൻ 64 ദിവസം കഴിഞ്ഞപ്പോൾ മാപ്പുപറഞ്ഞാൽ പരീക്ഷ എഴുതിക്കാമെന്നാണ്‌ സിൻഡിക്കറ്റ്‌ തീരുമാനിച്ചത്‌. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാർഥികൾക്ക്‌ അനുകൂലവിധി വന്നിട്ടും പരീക്ഷാഫീസ്‌ അടയ്‌ക്കാൻ വെബ്‌സൈറ്റ്‌ തുറക്കാതെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ കൊടുക്കുകയാണ്‌ വിസി ചെയ്‌തത്‌. വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും പരീക്ഷ എഴുതിക്കാതിരിക്കാൻ വിസി തടസ്സവാദങ്ങൾ ഉന്നയിച്ചു. ഒടുവിൽ സുപ്രീംകോടതി നിർദേശപ്രകാരമാണ്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ കേസ്‌ വീണ്ടും പരിഗണിച്ചത്‌.


ആർഎസ്‌എസ്‌ നയങ്ങൾ നടപ്പാക്കാൻ മുന്നിട്ടുനിൽക്കുന്ന ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന വി ഡി സതീശൻ സർക്കാരിന്റെ നയം ആവർത്തിച്ച്‌ പറഞ്ഞ ഉന്നതവിദ്യാഭ്യാസമന്ത്രി നൽകിയ പിന്തുണയാണ്‌ താൽക്കാലിക വിസിക്ക്‌ ഇത്ര കടുത്ത നിലപാട്‌ സ്വീകരിക്കാൻ തുണയായത്‌. പ്രതീകാത്മകസമരത്തിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കാൻ ഉത്സാഹം കാട്ടിയത്‌ മന്ത്രിയാണ്‌. വിദ്യാർഥികളെ ‘അപരിഷ്‌കൃതർ' എന്നു മന്ത്രി ചാപ്പകുത്തുകയും ചെയ്‌തു. ചിത്രങ്ങളും വീഡിയോയും സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടും തിരുത്താൻ മന്ത്രി തയ്യാറായില്ല. സംഘപരിവാർ അനുകൂലനിലപാടിൽ മന്ത്രി തുടർന്നപ്പോഴാണ്‌ മഹാരാജാസ്‌ കോളേജിൽ ബിരുദദാനസമ്മേളന വേദിയിൽ വിദ്യാർഥികൾ ചോദ്യമുയർത്തിയത്‌. അന്ന്‌ നിശ്ശബ്ദത പാലിച്ച മന്ത്രി, പിന്നീട്‌ കോളേജ്‌ യൂണിയൻ ചെയർപേഴ്‌സണെയും വൈസ്‌ ചെയർപേഴ്‌സണെയും സസ്‌പെൻഡ്‌ ചെയ്യിച്ചാണ്‌ പകവീട്ടിയത്‌.


ഉന്നതവിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ലെന്ന കേരളീയ വിദ്യാർഥിസമൂഹത്തിന്റെ ഉറച്ച പ്രഖ്യാപനംകൂടിയാണ്‌ സംസ്‌കൃത സർവകലാശാലയിലെ സമരവിജയം. സംഘപരിവാറിനോട്‌ മാപ്പുപറയലല്ല; നേരിനുവേണ്ടി പോരാടി വിജയിക്കുകയാണ്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ സംസ്‌കൃത സർവകലാശാലാ വിദ്യാർഥികൾ ചെയ്‌തത്‌. ആർഎസ്‌എസിനോട്‌ തോൽക്കാൻ സ‍ൗകര്യമില്ലെന്നു പറഞ്ഞ വിദ്യാർഥികൾ നൽകുന്ന സന്ദേശവും അതാണ്‌. സംഘപരിവാർ താൽപ്പര്യങ്ങൾക്കുപകരം അക്കാദമിക്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും വിദ്യാർഥിസ‍ൗഹൃദ നിലപാട്‌ സ്വീകരിക്കാനും ഇനിയെങ്കിലും വിസിയും കൂട്ടരും തയ്യാറാകണം. സിൻഡിക്കറ്റുകളും ബോർഡ്‌ ഓഫ്‌ സ്റ്റഡീസുമെല്ലാം സംഘപരിവാർ നോമിനികളെ കുത്തിനിറച്ച്‌ കാവിവൽക്കരണ അജൻഡ നടപ്പാക്കുന്പോൾ നിശ്ശബ്‌ദ സാക്ഷിയായി മാറുന്ന വി ഡി സതീശൻ സർക്കാരും തെറ്റുതിരുത്തണം. അല്ലെങ്കിൽ ഇനിയും ഉയരും കാലടിയിലേതുപോലുള്ള പ്രക്ഷോഭക്കൊടുങ്കാറ്റുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home