print edition വിലയിടിഞ്ഞത് പൊല്ലാപ്പായി; സ്വർണവായ്‌പയെടുത്തവർ അധികതുക അടയ്‌ക്കണം


നിഖിൽ രവീന്ദ്രൻ
Published on Nov 24, 2026, 12:56 AM | 1 min read
പാലക്കാട്: സ്വർണം ബാങ്കുകളിൽ പണയംവച്ചവർ വിലകുറഞ്ഞതോടെ വെട്ടിലായി. ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വിളിയും സന്ദേശവും എത്തിയതോടെ പലരും നെട്ടോട്ടത്തിലാണ്. സ്വർണവില കുറഞ്ഞതോടെ അധികതുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകേണ്ട അവസ്ഥയിലാണ് പലരും. സാധാരണ ബാങ്കുകൾ പണയ സ്വർണത്തിന് മൂല്യത്തിന്റെ 75–80 ശതമാനംവരെയാണ് വായ്‌പ നൽകുന്നത്.
ജനുവരി 29ന് പവന് റെക്കോഡ് വിലയായ 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു. ഇത് അനുസരിച്ച് ഒരുഗ്രാം സ്വർണം പണയംവച്ചാൽ 13,000 രൂപ കിട്ടുമായിരുന്നു. എന്നാൽ, തിങ്കളാഴ്‌ച ഗ്രാമിന് 9,000 രൂപയേ നൽകിയിള്ളൂ. കാരണം ഒരുപവൻ സ്വർണത്തിന് തിങ്കളാഴ്‌ചത്തെ വില 92,800 രൂപയാണ്. ഇൗ കണക്കുപ്രകാരം ജനുവരി അവസാനം പണയംവച്ചവർ ഗ്രാം ഒന്നിന് 4,000 രൂപ അധികം നൽകി പണയം പുതുക്കേണ്ട സ്ഥിതിയിലാണ്. ഇല്ലെങ്കിൽ അനുപാതകമായി അധിക സ്വർണം നൽകണം. ഘട്ടംഘട്ടമായി അധിക തുക അടയ്‌ക്കാനും ചില ബാങ്കുൾ അവസരം നൽകുന്നുണ്ട്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ ടു വാല്യൂ അനുപാതം അനുസരിച്ചാണ് വായ്പ അനുവദിക്കുന്നത്. റിസർവ് ബാങ്ക് നിയമപ്രകാരം 2.5 ലക്ഷംവരെയുള്ള വായ്പകൾക്ക് സ്വർണമൂല്യത്തിന്റെ 85 ശതമാനവും അഞ്ചുലക്ഷം രൂപവരെ 80 ശതമാനവും 25 ലക്ഷത്തിന് മുകളിലാണെങ്കിൽ 75 ശതമാനവുമാണ് വായ്പയായി അനുവദിക്കുന്നത്. 30 ദിവസത്തെ ശരാശരി സ്വർണവിലയുടെയോ തലേദിവസത്തെ വിലയുടെയോ കുറഞ്ഞതിന്റെ 75–80 ശതമാണ് ബാങ്കുകൾ വായ്പയായി നൽകുന്നത്.
സാധാരണ പണയംവയ്‌ക്കുന്പോൾ തൂക്കത്തിനനുസരിച്ചുള്ള വിലയ്ക്കും വായ്പ ലഭിക്കാറില്ല. ആഭരണത്തിന്റെ പരിശുദ്ധി, കല്ലുകളുടെ ഭാരം എന്നിവ കണക്കാക്കി തൂക്കത്തിൽ അഞ്ച് ശതമാനത്തോളം കുറവും വരുത്തിയാണ് വായ്പത്തുക അനുവദിക്കുക. പരന്പര്യ സ്വർണം, പുതിയത് വാങ്ങാനുള്ള തുക എന്നിവ പരിഗണിച്ച് ഭൂരിപക്ഷം പേരും അധിക പണയത്തുക അടയ്‌ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.








0 comments