മോചനം നേടാൻ 230 കുടുംബം മാത്രം
അതിദരിദ്രരില്ലാത്ത ജില്ലയിലേക്ക്

തൃശൂര്‍
ജില്ലയില്‍ അതിദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനുള്ളത് 230 കുടുംബം മാത്രം. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നീ ഘടകങ്ങളെ ആസ്പദമാക്കി നടത്തിയ സര്‍വേയിലൂടെ 5013 കുടുംബങ്ങള്‍ അതിദരിദ്രരാണെന്ന് കണ്ടെത്തിയിരുന്നു. മൈക്രോപ്ലാന്‍ തയ്യാറാക്കിയതോടെയിത് 4649 കുടുംബങ്ങളായി. സൂക്ഷ്മപരിശോധനയിലൂടെ 4427 കുടുംബങ്ങളായി കുറഞ്ഞു. ഇതില്‍ 4197 കുടുംബങ്ങളും (83.72 ശതമാനം) അതിദാരിദ്ര്യമുക്തരായി. എല്ലാ കുടുംബങ്ങളിലും ഭക്ഷണവും വരുമാനവും ഉറപ്പാക്കി. 1022 കുടുംബങ്ങളിലാണ് ഭക്ഷണത്തിന്റെ അഭാവം കണ്ടെത്തിയത്. നിലവില്‍ 185 കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണവും ബാക്കിയുള്ള 835 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും നല്‍കുന്നുണ്ട്. 389 കുടുംബങ്ങള്‍ക്ക് വരുമാനമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 316 കുടുംബങ്ങള്‍ക്ക് ഉജ്ജീവനം പദ്ധതിയിലൂടെയും 15 കുടുംബങ്ങള്‍ക്ക് വിവിധ വകുപ്പുകളിലൂടെയും 58 കുടുംബങ്ങള്‍ക്ക് എല്‍എസ്ജിഐ ഫണ്ട് ഉപയോഗിച്ചും വരുമാനം ഉറപ്പാക്കി. മരുന്ന്, പാലിയേറ്റീവ് കെയര്‍, അവയമാറ്റ ശസ്ത്രക്രിയ, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളിലെ ആരോഗ്യരംഗത്തെ സ്ഥിതി വിലയിരുത്തി. ഇത്തരത്തില്‍ കണ്ടെത്തിയ 1791 പേര്‍ക്കും മരുന്ന് ലഭ്യത ഉറപ്പാക്കി. 244 പേര്‍ക്ക് പാലിയേറ്റീവ് സൗകര്യമൊരുക്കി. 21 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി. നാലുപേരാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടത്. ഇതില്‍ ഒരാളുടെ അവയവമാറ്റ ശസ്ത്രക്രിയ നടന്നു. താമസ സൗകര്യമില്ലെന്ന് കണ്ടെത്തിയത് 361 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ 294 കുടുംബങ്ങള്‍ക്കും വീടായി. 15 വീടുകളുടെ നിര്‍മാണം മാത്രമാണ് ആരംഭിക്കാനുള്ളത്. വീടും സ്ഥലവുമില്ലാതിരുന്നത് 372 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ 156 പേര്‍ക്ക് വീടായി. 47 കുടുംബങ്ങളുടെ വീടുനിര്‍മാണം ആരംഭിച്ചിട്ടില്ല. അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നത് 495 വീടുകളാണ്. ഇതില്‍ 478 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു. സ്ഥിര താമസ സംവിധാനം ഒരുക്കാനായില്ലെങ്കിൽ വാടകയ്ക്ക് വീട് എടുത്തുനൽകി താമസസൗകര്യം ഒരുക്കാനുള്ള നടപടി ഉടൻ ആരംഭിക്കും. ഗ്രാമീണ മേഖലയിൽ 5000 രൂപയും പട്ടണമേഖലയിൽ 7000 രൂപയും നഗരത്തിൽ 8000 രൂപയും വാടകയായി നൽകും. 2025 നവംബറോടെ സമ്പൂര്‍ണ അതിദരിദ്ര രഹിത ജില്ലയാകാനുള്ള തീവ്രശ്രമത്തിലാണ്.










0 comments