ad
Deshabhimani

തിരിച്ചുപിടിക്കും, കരുത്തുകാട്ടും

..
avatar
കെ എൻ സനിൽ ​

Published on Apr 07, 2026, 12:15 AM | 2 min read

തൃശൂർ

കഴിഞ്ഞ തവണ ചുരുങ്ങിയ ഭൂരിപക്ഷത്തിന്‌ കൈവിട്ടുപോയ ചാലക്കുടിയുൾപ്പെടെ തിരിച്ചുപിടിച്ച്‌ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണ്‌ ജില്ലയിൽ എൽഡിഎഫ്‌. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പുതുക്കാടും കയ്‌പമംഗലവും വർധിത ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എൽഡിഎഫ്‌. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സ്ഥാനാർഥിയുടെ ജനകീയതയും മണ്ഡലത്തിലെ ശക്തമായ ഇടതുമേൽക്കൈയ്യുമാണ്‌ എൽഡിഎഫിന്റെ കരുത്ത്‌. പുതുക്കാട്‌ താലൂക്കാശുപത്രിവികസനം, സ്‌കൂളുകൾക്ക്‌ നിർമിച്ച പുതിയ കെട്ടിടങ്ങൾ, മണ്ഡലത്തിലെ റോഡുവികസനം, പാലങ്ങൾ തുടങ്ങിയവ മണ്ഡലത്തിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. ടൂറിസം രംഗത്ത്‌ ചിമ്മിനി ഇക്കോടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാരംഭിച്ചതും വലിയ മുന്നേറ്റമുണ്ടാക്കുന്നതാണ്‌. യുഡിഎഫ്‌, എൻഡിഎ സ്ഥാനാർഥികൾക്കെതിരെ സ്വന്തം മുന്നണിയിൽനിന്നുയർന്ന പേമെന്റ്‌ സീറ്റ്‌ ആരോപണവും ഗ്രൂപ്പ്‌ തർക്കവും രണ്ടുമുന്നണികളെയും പ്രചാരണരംഗത്ത്‌ ഒട്ടൊന്നുമല്ല വലച്ചത്‌. ഇ ടി ടൈസൺ എംഎൽഎയായിരിക്കെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ ശക്തമായ ഇടതു സ്വാധീനവും സ്ഥാനാർഥി കെ കെ വത്സരാജിന്റെ ജനകീയതയുമാണ്‌ കയ്‌പമംഗലം മണ്ഡലത്തിൽ എൽഡിഎഫിന്റെ കരുത്ത്‌. മണ്ഡലത്തിൽ കയ്‌പമംഗലമൊഴികെയുള്ള തദ്ദേശ സ്ഥാപനങ്ങല്ലാം ഇടതുപക്ഷമാണ്‌ ഭരിക്കുന്നത്‌. അഴീക്കോട്‌–മുനമ്പം പാലവും കടൽത്തീരത്ത് ടെട്രോ പാഡ്, ജിയോ ട്യൂബ് സംരക്ഷണ ഭിത്തിയും മുസിരിസ്‌ ബീച്ച്‌ നവീകരണവും കുടിവെള്ള പദ്ധതികളും സ്‌കൂൾ കെട്ടിടങ്ങളും റോഡുകളും റവന്യൂ ടവറുമുൾപ്പെടെ കോടികളുടെ വികസനമാണ്‌ മണ്ഡലത്തിൽ നടന്നത്‌. കൊടുങ്ങല്ലൂരിൽ വികസനത്തുടർച്ചയ്‌ക്കാണ്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞ പത്തുവർഷത്തിനെ നടപ്പാക്കിയ പദ്ധതികളും സ്ഥാനാർഥി വി ആർ സുനിൽകുമാറിന്റെ പൊതു സ്വീകാര്യതയുമാണ്‌ എൽഡിഎഫിന്റെ കരുത്ത്‌. ചപ്പാറ സയൻസ് പാർക്ക്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിക്ക്‌ പുതിയ കെട്ടിടം, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയെ അത്യാധുനിക നിലവാരത്തിലേക്ക്‌ ഉയർത്തി. മേത്തല മിനി സ്റ്റേഷൻ, കൊടുങ്ങല്ലൂർ –ഷൊർണൂർ റോഡ്നവീകരണം‍, കെകെടിഎം കോളേജ് ഇൻഡോർ സ്റ്റേഡിയം, മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി ആരാധനാലയമുൾപ്പെടെ നവീകരിച്ചു. 28.2 കോടിയുടെ പദ്ധതികൾ മണ്ഡലത്തില്‍ നടപ്പാക്കി. കരൂപ്പടന്ന സ്കൂൾ അഞ്ചുകോടിയിൽ ഹൈടെക്കാക്കി. കുഴൂരിൽ ബൊട്ടാണിക്കൽ ഗവേഷണ കേന്ദ്രം ആധുനികവൽക്കരിച്ചു. കയർസംഘങ്ങൾ നവീകരിച്ചു. പ്രധാന റോഡുകളും മെക്കാഡം ടാറിങ്‌ പൂർത്തീകരിച്ചു. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിക്കുന്ന മണ്ഡലത്തിൽ വയനാട്‌ ദുരന്തത്തിന്റെ ഫണ്ട്‌ തട്ടിപ്പ്‌ ആരോപണം പ്രധാന ചർച്ചാവിഷയമാണ്‌. മണ്ഡലത്തിന്റെ പ്രധാന വികസന ആവശ്യങ്ങളോടെല്ലാം എംഎൽഎ മുഖം തിരിഞ്ഞു നിന്നതാണ്‌ ചാലക്കുടി മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. ടൂറിസം ഉൾപ്പെടെയുടെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തിയില്ലെന്നതും പ്രധാന ചർച്ചയാണ്‌. ബി ഡി ദേവസി എംഎൽഎയായിരിക്കെ നടപ്പാക്കിയ പദ്ധതികൾ മാത്രമാണ്‌ ഇപ്പോൾ മണ്ഡലത്തിൽ പൂർത്തീകരിക്കപ്പെട്ടത്‌. എംഎൽഎയുടെ വിസകന വിരുദ്ധ നിലപാടും സ്ഥാനാർഥിയുടെ ജനകീയതയും മണ്ഡലത്തിൽ എൽഡിഎഫിന്‌ കരുത്താണ്‌. കാൽനൂറ്റാണ്ടോളം നഗരസഭാക‍ൗൺസിൽ അംഗമായി പ്രവർത്തിച്ച പരിചയവുമായാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. ബിജു എസ്‌ ചിറയത്ത്‌ കന്നിയങ്കത്തിനിറങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home