ad
Deshabhimani

സ്‌നേഹം പകർന്ന്‌

മാടക്കത്തറ മുട്ടിക്കലിൽ നൽകിയ സ്വീകരണത്തിൽ ഒല്ലൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ രാജൻ കൊന്നപ്പൂക്കൾ തങ്കമ്മ മുത്തശ്ശിക്ക്‌ സമ്മാനിക്കുന്നു

മാടക്കത്തറ മുട്ടിക്കലിൽ നൽകിയ സ്വീകരണത്തിൽ ഒല്ലൂർ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ രാജൻ കൊന്നപ്പൂക്കൾ തങ്കമ്മ മുത്തശ്ശിക്ക്‌ സമ്മാനിക്കുന്നു

avatar
സി എ പ്രേമചന്ദ്രൻ

Published on Mar 27, 2026, 12:15 AM | 2 min read


ഒല്ലൂർ

മലയോര പ്രദേശമായ കട്ടിലപ്പൂവം മുട്ടിക്കൽ നൽകിയ സ്വീകരണത്തിലേക്ക്‌ വയോധികയായ വെട്ടിക്കുന്നേൽ തങ്കമ്മ വടി ഉ‍ൗന്നിയെത്തി കെ രാജന്‌ വെള്ളരി സമ്മാനിച്ചു. കൊന്നപ്പൂ തിരിച്ചു സമ്മാനിച്ച്‌ രാജൻ മുത്തശ്ശിയെ ചേർത്തുപിടിച്ചു. ഇതുകണ്ട്‌ സ്വീകരണത്തിനെത്തിയ വീട്ടമ്മമാർ പറഞ്ഞു. ‘ ദേ കണ്ടോ, മന്ത്രിയായാലും എംഎൽഎയായാലും രാജൻ ഇമ്മ്‌ടെയെല്ലാം മോനെ പോലെയാണ്‌. എപ്പോഴും എവിടെ കാണാം’. കെ രാജൻ എൽഡിഎഫ്‌ ഒല്ലൂർ മണ്ഡലം സ്ഥാനാർഥിയായി വീണ്ടുമെത്തുന്പോൾ ഏവരും സ്വന്തം കുടുംബാംഗത്തെപ്പോലെ നെഞ്ചോട്‌ ചേർക്കുകയാണ്‌. മുട്ടിക്കലിൽ രാജനെ സ്വീകരിക്കാൻ കൊടക്കാപ്പുള്ളി സാബുവിന്റെ ഭാര്യ കുഞ്ഞുമോൾ കാത്തുനിൽക്കയായിരുന്നു. ‘60 വർഷമായി തങ്ങളുടെ ഭൂമിക്ക്‌ പട്ടയം ലഭിച്ചിരുന്നില്ല. മലയോര പട്ടയം ലഭിക്കാൻ കയറിയിറങ്ങാത്ത സ്ഥലമില്ല. രാജൻ മന്ത്രിയായശേഷമാണ്‌ പട്ടയം ലഭിച്ചത്‌. ഞങ്ങളെപ്പോലുള്ള ആയിരക്കണക്കിനാളുകളുടെ സ്വപ്‌നമാണ്‌ സർക്കാർ സാഫല്യമാക്കിയത്‌. ഇ‍ൗ സർക്കാർ ഇനിയും തുടരണം.’– കുഞ്ഞുമോൾ പറഞ്ഞു. വെള്ളാനിശ്ശേരിയിൽ സ്‌ത്രീകളടക്കം വൻജനക്കൂട്ടമാണ്‌ സ്വീകരിക്കാനെത്തിയത്‌. പെൻഷൻ 2000 ആക്കിയ ഇ‍ൗ സർക്കാരിനെ മറക്കാനാകില്ലെന്ന്‌ വെള്ളാനിശേരി പൂവാലൻ വീട്ടിൽ തങ്കമണി പറഞ്ഞു. ദേ വിഷൂന്‌ 4000 കിട്ടും. ചെറിയ വീട്ടുപണിക്ക്‌ ഇപ്പോഴും പോവുന്നുണ്ട്‌. സ്ഥാനാർഥി സ്വീകരണം അറിഞ്ഞതോടെ ഇന്ന്‌ പണിക്ക്‌ പോയില്ലെന്നും തങ്കമണി പറഞ്ഞു. തുറന്ന ജീപ്പിൽ നിറചിരിയുമായി കെ രാജൻ കടന്നുപോകുന്പോൾ ജനങ്ങളാകെ സ്‌നേഹം ചൊരിയുകയാണ്‌. സ്ഥാനാർഥി വരുന്ന വിവരം മൈക്കിലൂടെ മുഴങ്ങുമ്പോൾ കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ റോഡിലേക്കിറങ്ങുന്നു. വഴിയരികിൽ നിൽക്കുന്ന വയോധികരെ ജീപ്പിൽ നിന്നിറങ്ങി അരികിലെത്തി സ്ഥാനാർഥി ചേർത്തുപിടിക്കുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ കൊച്ചുകുട്ടികളും യുവതികളുമെല്ലാം കൊന്നപ്പൂ നൽകിയും മലയോര കർഷകർ കാർഷിക ഉൽപ്പന്നങ്ങൾ നൽകിയും പ്രിയ സ്ഥാനാർഥിക്ക്‌ സ്നേഹം ചൊരിയുകയാണ്‌. വ്യാഴാഴ്‌ചയിലെ പര്യടനം കട്ടിലപ്പൂവം പുല്ലംകണ്ടത്ത്‌ നിന്നാണ്‌ ആരംഭിച്ചത്‌. സിപിഐ ദേശീയ ക‍ൗൺസിൽ അംഗം രാജാജി മാത്യു തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. മാടക്കത്തറയ്‌ക്കുശേഷം പാണഞ്ചേരി പഞ്ചായത്തിലും വൻ വരവേൽപ്പാണ്‌ ലഭിച്ചത്‌. എൽഡിഎഫ്‌ ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ എം എസ് പ്രദീപ് കുമാർ, സെക്രട്ടറി പ്രസാദ് പറേരി, സി ഡി റെജി, വർഗീസ് കണ്ടംകുളത്തി, എം എം അവറാച്ചൻ, ബേബി നെല്ലിക്കുഴി, ഷിജു കീടായി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home