കോർപറേഷൻ കൗൺസിലിൽ കോൺഗ്രസ് അതിക്രമം
എൽഡിഎഫ് അംഗങ്ങളെ മർദിച്ചു

എൽഡിഎഫ് കൗൺസിലർമാരെ കോൺഗ്രസുകാർ കൈയേറ്റം ചെയ്യുന്നു
സ്വന്തം ലേഖകർ
Published on Feb 08, 2026, 12:15 AM | 1 min read
തൃശൂർ
കോർപറേഷൻ കൗൺസിലിൽ എൽഡിഎഫ് അംഗങ്ങളെ ആക്രമിച്ച് കോൺഗ്രസ് കൗൺസിലർമാർ. കോർപറേഷൻ വെെദ്യുതി വിഭാഗത്തിൽ ഉൾപ്പെടെ കോൺഗ്രസ് നടത്തിയ പിൻവാതിൽ നിയമനം അടക്കമുള്ള വിഷയങ്ങൾ പൊതുചർച്ചയിൽ എൽഡിഎഫ് ഉയർത്തിയിരുന്നു. ഭരണപക്ഷത്തിന്റെ അനധികൃത നടപടികൾ എൽഡിഎഫ് തുറന്നുകാട്ടിയതോടെ പ്രതിരോധത്തിലായ മേയറും ഭരണപക്ഷവും മറുപടി പറയാതെ അജൻഡയിലേക്ക് കടക്കാനാണ് ശ്രമിച്ചത്. രണ്ട് മണിക്കൂറിലധികം നടന്ന പൊതു ചർച്ചയ്‌ക്ക്, പ്രശ്‌നങ്ങളിൽ ഗൗരവത്തോടെ നടപടി സ്വീകരിക്കും എന്ന ഒറ്റ വരി മാത്രമാണ് മേയർ ഡോ. നിജി ജസ്റ്റിൻ മറുപടി പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടയിൽ കോൺഗ്രസ് കൗൺസിലറായ സുമേഷ് എൽഡിഎഫ് അംഗം അനീസ് അഹമ്മദിനെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കോൺഗ്രസുകാർ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾക്ക് നേരെ തിരിഞ്ഞു. നഗരത്തിലെ മാലിന്യ ഇടങ്ങൾ പുന്തോട്ടമാക്കിയ പദ്ധതി അട്ടിമറിക്കലിലും, കേന്ദ്ര ബജറ്റിൽ തൃശൂരിനോടുള്ള അവഗണനയിലും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചായിരുന്നു എൽഡിഎഫ് അവതരിപ്പിച്ച പ്രമേയം, പുലികളിക്ക് പ്രഖ്യാപിച്ച കേന്ദ്ര സഹായം ലഭിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങളാണ് പൊതുചർച്ചയിൽ പ്രതിപക്ഷം ഉയർത്തിയത്. വർക്കിങ് കമ്മിറ്റി യോഗങ്ങൾ നടത്തുന്നതിൽ ഭരണസമിതിക്ക് വലിയ വീഴ്‌ച സംഭവിച്ചതായും വിമർശനം ഉയർന്നു. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളെ കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചു. എന്നാൽ ഇതിലൊന്നും പ്രതികരിക്കാൻ മേയർ തയ്യാറായില്ല. മേയർക്ക് പകരം ഡെപ്യൂട്ടി മേയർ എ പ്രസാദ് അടക്കമുള്ളവർ മറുപടി പറയാൻ ശ്രമിച്ചു. ഇത് എതിർത്തതോടെയാണ് കോൺഗ്രസ് കൗൺസിലർമാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കൗൺസിൽ യോഗത്തിൽ എം എൽ റോസി, ജിസ് ജോർജ്, ലാലി ജെയിംസ്, മേഫി ഡെൽസൺ, രഘുനാഥ് സി മേനോൻ എന്നിവരും സംസാരിച്ചു.










0 comments