ad
Deshabhimani

കുറാഞ്ചേരി ദുരന്തത്തിന്‌ 8 വർഷം

അതിജീവന സാക്ഷ്യം

.
വെബ് ഡെസ്ക്

Published on Aug 16, 2026, 12:15 AM | 1 min read

വടക്കാഞ്ചേരി

ആർത്തലച്ച്‌ പെയ്‌ത മഴയ്‌ക്കൊപ്പം കുറാഞ്ചേരിക്ക്‌ നഷ്ടമായത്‌ 19 പേരുടെ ജീവനാണ്‌. ഒപ്പം ഒരുനാടാകെ നിശ്ചലമായി. 2018ലെ പ്രളയത്തിന്റെ ദുഃഖചിത്രമായ കുറാഞ്ചേരി, എൽഡിഎഫ്‌ സർക്കാരിന്റെ കൈപിടിച്ച്‌ വീണ്ടെടുപ്പ് നടത്തി. ദുരിതത്തിന്റെ പാടുകൾ മായ്‌ച്ച്‌ പുതിയ കുറാഞ്ചേരി നിർമിച്ചു. റീബിൽഡ് കേരള പദ്ധതിയടക്കം ഉപയോഗപ്പെടുത്തിയാണ്‌ നാടിനെ വീണ്ടെടുത്തത്‌. പന്ത്രണ്ടരക്കോടി രൂപ ചെലവിട്ടാണ്‌ കുറാഞ്ചേരി- നായരങ്ങാടി- തച്ചംകുഴി റോഡ് അത്യന്താധുനിക രീതിയിൽ നവീകരിച്ചത്‌. ആറു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന റോഡ് സ്വകാര്യ വ്യക്തികൾ വിട്ടുനൽകിയ സ്ഥലം പ്രയോജനപ്പെടുത്തിയും, പുറമ്പോക്ക് ഒഴിപ്പിച്ചെടുത്തും എട്ടുമുതൽ 14 മീറ്റർവരെ വീതിയിലാണ് ആധുനിക രീതിയിൽ നവീകരിച്ചത്. തകർന്നടിഞ്ഞ പ്രദേശം തദ്ദേശ സ്വയം ഭരണ മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്നാണ്‌ വീണ്ടെടുത്തത്. ബസ് കാത്തിരിപ്പ് കേന്ദ്രവും പൊതുകിണറും വൈദ്യുതിയും കുടിവെള്ളപ്പൈപ്പും റോഡുമെല്ലാം പുനഃസ്ഥാപിച്ചു. കുറാഞ്ചേരി മലയിൽനിന്ന്‌ വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള കോൺക്രീറ്റ് ചാലും നിർമിച്ചു. റോഡ്‌ നവീകരണം പൂർത്തിയായതോടെ ഷൊർണൂർ– കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽനിന്ന്‌ പീച്ചി -വാഴാനി ടൂറിസം കോറിഡോർ കടന്നു പോകുന്ന കുണ്ടുകാട് റോഡിലേക്കുള്ള യാത്ര എളുപ്പമാക്കി. വിവിധ ഭാഗങ്ങളിലായി 12 കൾവർട്ടുകൾ നിർമിച്ചു. കുറാഞ്ചേരി ഉരുൾപൊട്ടൽ ദുരന്തത്തിൽ നാല് വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. കുറാഞ്ചേരി നായരങ്ങാടി റോഡ്, തൃശൂർ– ഷൊർണൂർ സംസ്ഥാനപാതയിലെ കുറാഞ്ചേരി പ്രദേശം, രണ്ടു കിലോമീറ്റർ വൈദ്യുതി ലൈൻ, കുടിവെള്ളപ്പൈപ്പുകൾ, നിരവധി വാഹനങ്ങൾ എന്നിവ ദുരന്തത്തിൽ തകർന്നു. ദുരന്തത്തിൽ കൊല്ലംകുന്നേൽ മത്തായിയുടെ കുടുംബം, കന്നുകുഴിയിൽ മോഹനന്റെ കുടുംബം, മുണ്ടപ്ലാക്കൽ ജെൻസന്റെ കുടുംബം, പാറങ്ങാട്ടിൽ സജിയുടെ അമ്മ, മകൾ എന്നിവരടക്കം 19 പേരാണ് മരിച്ചത്. സംസ്ഥാന സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും തകർന്ന വീടുകൾക്ക് പകരമായി വീടും സ്ഥലവും നൽകി. ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ്‌ പുനർനിർമാണം നടത്തിയത്‌. ദുരന്തത്തിൽ മരിച്ചവരുടെ അനുസ്മരണം ഞായർ രാവിലെ ഒന്പതിന് കുറാഞ്ചേരി സെന്ററിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home