ad
Deshabhimani

വയറു നിറയും; മനസ്സും

കൊടകര നന്മ കുടുംബശ്രീ ജനകീയഹോട്ടൽ
avatar
സി എ പ്രേമചന്ദ്രൻ

Published on Nov 20, 2025, 12:35 AM | 1 min read

തൃശൂർ

കൊടകര നന്മ കുടുംബശ്രീ ജനകീയ ഹോട്ടലിൽ നല്ല തിരക്കാണ്‌. മറ്റൊന്നുമല്ല, 30 രൂപയ്ക്ക്‌ മായമില്ലാത്ത നല്ല ചോറും സാമ്പാറും മീൻചാറും കൂട്ടി വയറ്‌ നിറച്ച്‌ കഴിക്കാം. പോക്കറ്റ്‌ കാലിയാവാതെ ഭക്ഷണം കഴിച്ചിറങ്ങുന്പോൾ മനസ്സും നിറയും. എൽഡിഎഫ്‌ സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതി പ്രകാരം ജില്ലയിൽ 74 ജനകീയ ഹോട്ടലാണ്‌ പ്രവർത്തിക്കുന്നത്‌. മിതമായ നിരക്കിൽ ജനങ്ങൾക്ക്‌ ഭക്ഷണം ലഭിക്കുന്നതിനൊപ്പം വീട്ടമ്മമാർക്ക്‌ ജീവിതമാർഗവും ആവുകയാണ്‌. നല്ല അരിയുടെ ചോറ്‌, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മീൻചാറ്‌, രസം അല്ലെങ്കിൽ മോര്‌ എന്നിവ 30 രൂപയ്‌ക്കുള്ള ഭക്ഷണത്തിൽ വിഭവങ്ങളാണെന്ന്‌ കൊടകര നന്മ ഹോട്ടൽ നടത്തുന്ന കുടുംബശ്രീ പ്രവർത്തക സന്ധ്യ അനിൽകുമാർ പറഞ്ഞു. മോര്‌ കറിയും അവിയലും മാറിമാറി നൽകും. 35 രൂപയ്ക്ക്‌ പാഴ്‌സൽ നൽകും. സജിത ജോയ്‌, ശ്രീജ അശോകൻ, രജനി അജി, രാധിക, രത്‌നം, അനിത, ഷീബ എന്നിവരുൾപ്പെടെ എട്ടുപേർ ചേർന്നാണ്‌ ഹോട്ടൽ നടത്തുന്നത്‌. കുടുംബശ്രീ വഴി പ്രത്യേക പരിശീലനം ലഭിച്ചു. കെട്ടിടം കൊടകര പഞ്ചായത്ത് വിട്ടുതന്നു. വൈദ്യുതി ബില്ലും കുടിവെള്ള ബില്ലും പഞ്ചായത്താണ്‌ അടയ്‌ക്കുന്നത്‌. ദിവസം 300 ഊണ് വരെ വിൽപ്പനയുണ്ട്‌. ഓട്ടോ ഡ്രൈവർമാരുൾപ്പെടെ സാധാരണക്കാരാണ്‌ ക‍‍ൂടുതലും എത്തുന്നത്‌. വീട്ടിലുണ്ടാക്കുന്നപോലെ വിഭവങ്ങൾ ഒരുക്കുന്നു. ചിക്കൻ കറിയും ചോറും ബീഫും കായയും ചോറും 70 രൂപയ്‌ക്ക്‌ നൽകും. മീൻ കറിയും വറവും ഉൾപ്പെടെ സ്‌പെഷ്യലുകൾ മിതമായ വിലയിൽ നൽകും. 10 ര‍ൂപയ്‌ക്ക്‌ കട്ടത്തൈരും നൽകും. ചായയും അപ്പവും ഇഡ്ഡലിയും തുടങ്ങി പലഹാരങ്ങളും വിൽപ്പനയ്‌ക്കുണ്ട്‌. വലിയ ലാഭം ആഗ്രഹിക്കുന്നില്ല. എന്നാൽ എട്ടുപേർക്കും ജീവിത വഴിയാണിത്‌. തങ്ങൾ ഹാപ്പിയാണെന്നും സന്ധ്യ പറഞ്ഞു. ജനകീയ ഹോട്ടലിൽനിന്ന്‌ സ്ഥിരമായി ഭക്ഷണം കഴിക്കാറുണ്ടെന്ന്‌ പെട്ടി ഓട്ടോ ഡ്രൈവറായ ഇഞ്ചക്കുണ്ട്‌ കണ്ണംപറന്പിൽ ബെന്നി പറഞ്ഞു. 30 രൂപയ്‌ക്ക്‌ ചോറ്‌ കിട്ടുന്നത്‌ വലിയ ആശ്വാസമാണെന്നും ബെന്നി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home