കെഎസ്‌യു ജില്ലാ സെക്രട്ടറിക്കെതിരെ വധഭീഷണി
ജില്ലാ പ്രസിഡന്റിനെതിരെ നടപടിക്ക് ശുപാർശ

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ സർക്കുലർ

സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:32 AM | 1 min read
തൃശൂർ
കെഎസ്‌യു ജില്ലാ സെക്രട്ടറി വിഷ്‌ണു നെടുങ്ങാടിനെതിരെ വധഭീഷണി മുഴക്കിയ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെതിരെ കടുത്ത നടപടിക്ക് ശുപാർശ. ഭീഷണി സന്ദേശം റെക്കോഡ് ചെയ്‌ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് വിഷ്‌ണുവിനെതിരെയും നടപടിക്ക് ശുപാർശയുണ്ട്. ജില്ലാ കെഎസ്‌യുവിലെ സംഘടനാ പ്രശ്‌നങ്ങളും അനിഷ്‌ട സംഭവങ്ങളും അന്വേഷിച്ച കമീഷനാണ് സംസ്ഥാന പ്രസിഡന്റിന് റിപ്പോർട്ട് നൽകിയത്. ഗോകുലിന്റെ ഭീഷണിയെ തുടർന്ന് കെഎസ്‌യു ജില്ലാ കമ്മിറ്റിയിൽ കൈയാങ്കളി നടന്നിരുന്നു. ഡിസിസി ഓഫീസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ മുറിയിലെ നെയിംബോർഡും വലിച്ചുകീറി. ഇൗ സംഭവത്തിൽ ഡിസിസിയും അന്വേഷണകമീഷനെ നിയോഗിച്ചിട്ടുണ്ട്. നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഫോണിലൂടെ നടത്തിയ ചർച്ചകൾക്കിടെയാണ് ഗോകുൽ ഗുരുവായൂർ ജില്ലാ സെക്രട്ടറി വിഷ്‌ണു നെടുങ്ങാടിനെ ഭീഷണിപ്പെടുത്തിയത്. ‘ഗുരുവായൂരിലെ കാര്യങ്ങൾ നീ അന്വേഷിക്കേണ്ട’ എന്നുപറഞ്ഞായിരുന്നു ഭീഷണി. അസഭ്യം പറയുകയും ‘നിന്നെ നേരത്തെ തീർക്കാൻ അറിയാഞ്ഞിട്ടല്ല’ എന്നുമെല്ലാമായിരുന്നു ഭീഷണി. ഇൗ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. സംഭവത്തിൽ ഇരുവരിൽ നിന്നും സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്‌തികരമായിരുന്നില്ല. തുടർന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടിമാരായ ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, അബാദ് ലുത്‌ഫി എന്നിവരെ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇവർ കഴിഞ്ഞദിവസം തൃശൂരിലെത്തി ജില്ലാ വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, അസംബ്ലി പ്രസിഡന്റുമാർ എന്നിങ്ങനെ 18 പേരിൽ നിന്ന് തെളിവെടുത്തു. ഇതിൽ രണ്ടുപേരൊഴികെ എല്ലാവരും ജില്ലാ പ്രസിഡന്റിന്റെ നടപടിക്കെതിരെ മൊഴിനൽകി. വാർത്ത ചോർത്തി നൽകിയ ജില്ലാ സെക്രട്ടറിക്കെതിരെയും ചിലർ മൊഴി നൽകി. തുടർന്നാണ് കമീഷൻ നടപടിക്ക് ശുപാർശ ചെയ്‌തത്. എന്നാൽ ശുപാർശ പുറത്തുവിട്ടിട്ടില്ല. നടപടി തടയാൻ ഗോകുൽ ഗുരുവായൂർ കെ സി വേണുഗോപാലിനെ കണ്ട് സമ്മർദം ചെലുത്തുന്നുണ്ട്.











0 comments