തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ്: പിഡബ്ല്യുഡി അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമായില്ല
നവീകരണം വൈകുന്നു

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്ന യാത്രക്കാർ ഫോട്ടോ/ സുരേന്ദ്രൻ മടിക്കൈ
സ്വന്തം ലേഖിക
Published on Jul 01, 2026, 12:34 AM | 1 min read
തൃശൂര്‍
സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വിഭാഗത്തിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാത്തതും ഉദ്യോഗസ്ഥ സ്ഥലമാറ്റവും തിരിച്ചടിയായതോടെ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം വൈകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏഴുകോടിയുടെ കെഎസ്ആര്‍ടിസി പ്രധാന ഡിപ്പോ നിര്‍മാണത്തിനും 2.5 കോടിയുടെ ഗ്യാരേജ് നിര്‍മാണത്തിനും ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍, ഡിപ്പോ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ച ഹെഡ് ഓഫ് അക്കൗണ്ട് പൊതുമരാമത്ത് വകുപ്പിന് കൈകാര്യം ചെയ്യാന്‍ കഴിയാത്തതായിരുന്നു. ഇതു ചൂണ്ടിക്കാട്ടി പുതിയ സര്‍ക്കാരിന് പിഡബ്ല്യുഡി കത്തുനല്‍കിയിട്ടുണ്ട്. ഏഴുകോടി രൂപ പിഡബ്ല്യുഡിക്ക് കൈകാര്യം ചെയ്യാവുന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് മാറ്റുകയോ തുക പിഡബ്ല്യുഡിക്ക് ഡെപ്പോസിറ്റ് ചെയ്യുകയോ ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യം പരിഗണിക്കുന്നതോടെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക അനുമതി നല്‍കി നിര്‍മാണം ആരംഭിക്കാനാകും. ഗ്യാരേജ് നിര്‍മാണവും ഡിപ്പോ നിര്‍മാണവും രേഖപ്പെടുത്തിയിരുന്നത് ഒരേ പേരിലാണ്. ഇതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തടസ്സമുണ്ടാക്കും. ഇത് തിരുത്താനുള്ള അനുമതിക്കായി കലക്ടര്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചാല്‍ മാത്രമേ അത്യാധുനിക രീതിയില്‍ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകൂ. രണ്ട് അപേക്ഷകള്‍ മുന്നിലെത്തിയിട്ടും തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം യാഥാര്‍ഥ്യമാക്കാതിരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഉദ്യോഗസ്ഥര്‍മാരുടെ സ്ഥലമാറ്റവും അപേക്ഷ പരിഗണിക്കുന്നതില്‍ തിരിച്ചടിയായിട്ടുണ്ട്.











0 comments