Deshabhimani

വെള്ളമില്ലാതെ പാടശേഖരങ്ങൾ; 
ആശങ്കയോടെ നെല്‍കർഷകർ

വെള്ളമില്ലാതെ പാടശേഖരങ്ങൾ
വെബ് ഡെസ്ക്

Published on Sep 30, 2026, 12:27 AM | 1 min read

കൊട്ടേക്കാട് ​

ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കോലഴി പഞ്ചായത്തിലെ കൊട്ടേക്കാട് - കിഴക്കേ ചേലപ്പാടം പാടശേഖരങ്ങളിൽ നെൽകൃഷി നശിക്കുന്നു. നെൽകൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകർ കടുത്ത ആശങ്കയിലാണ്. പടവിൽ മുണ്ടകൻ കൃഷിക്കായി ഞാറ് നട്ടെങ്കിലും വെള്ളം കുറഞ്ഞതോടെ നട്ട നെൽച്ചെടിയെല്ലാം കരിഞ്ഞ നിലയിലാണ്. പീച്ചി കനാലുകളിൽ നിന്നു വലതുകരം കനാൽ വഴി ഇവിടേക്ക് വെള്ളമെത്തിയിരുന്നു. എന്നാല്‍ കനാല്‍ നവീകരിക്കാത്തതിനാല്‍ ഇപ്പോള്‍ വെള്ളം പാടശേഖരത്തിലേക്ക് എത്തുന്നില്ല. താണിക്കുടം സെക്ഷനിലെ കനാൽ നവീകരിക്കാൻ ടെൻഡർ പോലും വിളിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് കർഷകർ പറയുന്നു. 65 ഏക്കര്‍ പാടത്ത് വെള്ളമില്ലാത്തതിനാല്‍ പല കർഷകരും നെൽകൃഷിയിൽ നിന്ന് പിന്മാറി. 35 എക്കറിലാ‍ണ് ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റുകൾ അവതരിപ്പിക്കുമെങ്കിലും അധികൃതരുടെ അലംഭാവം പരമ്പരാഗത നെൽകർഷകരെ ആശങ്കയിലാഴ്‌ത്തുന്നു. കാലാവസ്ഥ വ്യതിയാനം സ്വാഭാവികമാണെങ്കിലും പ്രശ്നാധിഷ്ഠിതമായ സംഭവ വികാസങ്ങൾ നിലവിലുള്ളപ്പോൾ കോലഴി പഞ്ചായത്ത് അധികൃതർ യാതൊരു മുൻകരുതലുകളും കൈക്കൊണ്ടിട്ടില്ലെന്ന പരാതിയും മേഖലയിൽ ശക്തമാണ്. കഴിഞ്ഞ കനാൽ കമ്മിറ്റി യോഗത്തിൽ കോലഴി പഞ്ചായത്ത് അധികൃതർ ആരും പങ്കെടുത്തില്ലെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറായില്ലെന്നും കർഷകർ പറഞ്ഞു. നെൽകൃഷിയോടുള്ള അഭിനിവേശത്തിൽ പാട്ടത്തിനെടുത്ത പാടത്ത്‌ ഞാറ് നട്ട കർഷകരാണിപ്പോള്‍ പകച്ചു നിൽക്കുന്നത്. പാടത്തേട് ചേർന്ന് താമസിക്കുന്ന ചില കർഷകർ കുടിവെള്ളം പോലും പാടശേഖരത്തേക്ക് ഒഴുക്കിയാണ് കൃഷി ചെയ്യുന്നത്. കൃഷിചെയ്യാന്‍ വെള്ളത്തിന് കാത്തിരിക്കേണ്ട സാഹചര്യം തുടരുകയാണെങ്കിൽ കൃഷിച്ചെലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ആശങ്കയുമുണ്ട്. ജലസേചന സംവിധാനങ്ങളിലൂടെ ആവശ്യമായ വെള്ളം അടിയന്തരമായി എത്തിക്കണമെന്നും പാടശേഖരങ്ങളിലെ ജലലഭ്യത ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പാടശേഖര സമിതി പ്രസിഡന്റ് സേവ്യർ ചിരിയങ്കണ്ടത്ത്, സെക്രട്ടറി ജോസ് കിഴക്കൂടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home