Deshabhimani

മേലെ ആശങ്കയുടെ കാർമേഘങ്ങൾ

കോളിൽ പ്രതീക്ഷയോടെ ഞാറിടൽ

പള്ളിപ്പുറം, ആലപ്പാട്‌ കോൾ ഫാമിങ് സഹകരണ സംഘത്തിന്‌ കീഴിലുള്ള കോൾപ്പാടത്ത്‌  ഞാറിടുന്ന തൊഴിലാളികൾ / ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
avatar
സി എ പ്രേമചന്ദ്രൻ

Published on Sep 30, 2026, 12:28 AM | 2 min read

തൃശൂർ

മഴയുടെ താളം തെറ്റി, ആകാശത്ത്‌ ആശങ്കയുടെ കാർമേഘങ്ങൾ പടരുന്പോഴും കോൾ നിലങ്ങളിൽ പ്രതീക്ഷയോടെ ഞാറിടലിന്‌ തുടക്കം. മലയാളികൾക്ക്‌ പകരം ഇതര സംസ്ഥാന തൊഴിലാളികൾ പാടത്തിറങ്ങുന്പോൾ ഞാറ്റുപ്പാട്ടുകളില്ല. പകരം ഭായ്‌, ഭായ്‌ വിളികൾമാത്രം. കണ്ടം നിരത്തലും ഞാറുപറിക്കലും നടീലുമെല്ലാമായി പാടം പച്ചപ്പണിയുകയാണ്‌. നോക്കെത്താ ദൂരം ഇനി കൃഷിസമൃദ്ധിയിലേക്ക്‌. കേരളത്തിലെ പ്രത്യേക നെൽകൃഷി മേഖലകളിൽ ഒന്നാണ് കോൾ നിലങ്ങൾ. ജില്ലയിൽ 11,674 ഹെക്ടറാണ്‌ കോൾനിലം. എക്കൽമണ്ണ് അടിഞ്ഞുചേരുന്ന ഈ ഭൂപ്രദേശം ഫലഭൂയിഷ്ടമാണ്. അനുയോജ്യമായ കലാവസ്ഥയിൽ മികച്ച വിളവും ലഭിക്കും. ജൂൺ മുതൽ ഒക്ടോബർ വരെ കോളിൽ ജലനിറവുണ്ടാവും. പടവുകളായി തിരിച്ച് വെള്ളം വറ്റിച്ചാണ്‌ കൃഷിയിറക്കുക. അധികജലം കനാലുകളിലൂടെ ഏനാമാക്കൽ, മുനയം ബണ്ടുകൾ വഴി അറബിക്കടലിലേക്ക് ഒഴുക്കും. പള്ളിപ്പുറം, ആലപ്പാട്‌ കോൾ ഫാമിങ് സഹകരണ സംഘത്തിന്‌ കീഴിലെ 900 പടവിൽ ഞാറിടൽ തുടങ്ങി. മറ്റു പാടശേഖരങ്ങളിലും കൃഷിക്ക്‌ തുടക്കമായി. പാടത്തിലെ വെള്ളം വറ്റിച്ച്‌ നേരത്തെ കർഷകർ സ്വന്തം പാടത്ത്‌ ഞാറ്‌ പാകിയിരുന്നു. വിത്ത്‌ കൊത്തിപ്പറിക്കാൻ കൂട്ടത്തോടെ പ്രാവുകൾ എത്തിയത്‌ കൃഷിക്ക്‌ ഭീഷണിയായി. സഹകരണ സംഘം നേതൃത്വത്തിൽ ഒന്നിച്ചാണ്‌ ഞാറ്‌ നടീല്‍. ഒരുമാസം നടീൽ തുടരും. 125 ദിവസം കൊണ്ട്‌ മൂപ്പെത്തുന്ന ഉമ നെൽവിത്താണ്‌ ഞാറിട്ടത്‌. 60, 65 ദിവസത്തിനകം കതിര്‌ വരും. ആ സമയത്ത്‌ നല്ല വെള്ളം കിട്ടണം. തുലാവർഷക്കുറവുണ്ടായാൽ ചിമ്മിനി ഡാമിൽ നിന്ന്‌ വെള്ളം തുറന്നുവിടാറാണ്‌ പതിവ്‌. മുൻകാലങ്ങളിൽ കലക്ടർ ഇടപ്പെട്ട്‌ കർഷകരുടെ യോഗം വിളിച്ച്‌ കാർഷിക കലണ്ടറുണ്ടാക്കിയാണ്‌ പടവുകളിൽ കൃഷിയിറക്കാറുള്ളത്‌. എന്നാൽ ഇത്തവണ എല്ലാ പടവുകളിലും ഒന്നിച്ച്‌ കൃഷിയിറക്കി. അതിനാൽ ഡാമിൽ നിന്ന്‌ വെള്ളം തുറന്നുവിടുന്ന സമയത്ത് എല്ലാ നിലങ്ങളിലും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമോയെന്ന ആശങ്കയുണ്ട്‌. തുലാവർഷം പെയ്‌തില്ലെങ്കിൽ വെള്ളമില്ലാതെ കൃഷി പ്രതിസന്ധിയിലാകാമെന്ന്‌ പള്ളിപ്പുറം–ആലപ്പാട്‌ കോൾ ഫാമിങ് സഹകരണസംഘം പ്രസിഡന്റ്‌ സി എസ്‌ പവനൻ പറഞ്ഞു. വളത്തിന്‌ 50 കിലോക്ക്‌ 1400 രൂപയുണ്ടായിരുന്നത്‌ 2250 ആയി ഉയർന്നതും കർഷകർക്ക്‌ ദുരിതമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ജലസംഭരണിയാണീ കോൾനിലങ്ങൾ തൃശൂർ–- മലപ്പുറം ജില്ലകളിൽ 13,632 ഹെക്ടറിൽ കോൾനിലങ്ങൾ വ്യാപിച്ചുകിടക്കുന്നു. ജൈവ വൈവിധ്യത്താലും ആവാസ വ്യവസ്ഥകളാലും സമൃദ്ധമായ കോൾ നിലങ്ങൾ തെക്ക് ചാലക്കുടി പുഴയേയും വടക്ക് ഭാരതപ്പുഴയേയും ഇടയിലായാണ് നീണ്ടുകിടക്കുന്നത്. സമുദ്രനിരപ്പിൽനിന്നും ഒന്നരമീറ്ററോളം താഴ്ന്നാണ് കോൾനിലങ്ങൾ സ്ഥിതിചെയ്യുന്നത്. ഭക്ഷ്യസമൃദ്ധിക്കൊപ്പം ജില്ലയുടെ കുടിനീർ സംഭരണിയാണിവ. വേനൽക്കാലത്ത് വരൾച്ചയും മഴക്കാലത്ത് വെള്ളപ്പൊക്കവും തടയുന്നതില്‍ കോൾനിലങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. കരയിലേക്ക് കടൽവെള്ളം കയറുന്നതിനെ പ്രതിരോധിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നു. പക്ഷിമൃഗാദികളുടെയും ജലജീവികളുടെയും കേന്ദ്രമാണ്. നാടൻ മത്സ്യസമ്പത്തിന്റെ ഉറവിടവുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home